X

കുല്‍ഭൂഷണ്‍ജാദവിനെ കൈമാറല്‍ പാകിസ്താന്റെ മറ്റൊരു കള്ളമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ചാരപ്രവര്‍ത്തനം ആരോപിച്ച് പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത മുന്‍ റോ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കൈമാറാമെന്ന പാകിസ്താന്റെ വാഗ്ദാനത്തിനെതിരെ ഇന്ത്യ. യു.എന്നില്‍ ഫലസ്തീനി പെണ്‍കുട്ടിയെ ഉയര്‍ത്തിക്കാട്ടി കശ്മീരിലെ ചിത്രമെന്ന് പറഞ്ഞതു പോലുള്ള കള്ളമാണ് ഇതെന്ന് ഇന്ത്യ പറഞ്ഞു. അയല്‍രാഷ്ട്രത്തിന്റെ നുണകളുടെ പരമ്പരയിലെ അവസാനത്തേതാണ് ഇതെന്നും വിദേശകാര്യവക്താവ് രവീഷ് കുമാര്‍ പരിഹസിച്ചു.കഴിഞ്ഞ ഏപ്രിലിലില്‍ പാക് സൈനിക കോടതി വധശിക്ഷയ്ക്കു വധിച്ചയാളാണ് കുല്‍ഭൂഷണ്‍ ജാദവ്. ഈ കേസ് ഇപ്പോള്‍ യു.എന്‍ അന്താരാഷ്ട്ര കോടതിയുടെ പരിഗണനയിലാണ് ഉള്ളത്.
കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടുകൊടുത്താല്‍, പെഷാവറിലെ സൈനിക സ്‌കൂള്‍ ആക്രമിച്ചു കുട്ടികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പാക്ക് ഭീകരനെ പകരം കൈമാറാമെന്ന് വാഗ്ദാനം ലഭിച്ചെന്നായിരുന്നു പാക് വിദേശകാര്യമന്ത്രി ക്വാജ മുഹമ്മദിന്റെ വെളിപ്പെടുത്തല്‍. അഫ്ഗാന്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവിനെ ഉദ്ധരിച്ചാണ് ഏഷ്യ സൊസൈറ്റിയിലെ പ്രസംഗത്തിനിടെ ക്വാജ മുഹമ്മദ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍, അഫ്ഗാനിലുള്ള ഭീകരന്റെ പേര് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.
അതേസമയം, ക്വാജ മുഹമ്മദിന്റെ പ്രസ്താവനയെ അഫ്ഗാന്‍ സുരക്ഷാ ഉപദേഷ്ടാവ് മുഹമ്മദ് ഫനീഫ് ആത്മാര്‍ തള്ളിയിരുന്നു. ന്യൂയോര്‍ക്കില്‍വച്ച് സെപ്റ്റംബര്‍ 21 ന് പാക്ക് വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യയെക്കുറിച്ചോ ഇന്ത്യന്‍ പൗരന്‍മാരെക്കുറിച്ചോ ചര്‍ച്ച ചെയ്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും ഹനീഫിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

chandrika: