X

കുല്‍ബൂഷണ്‍ ജാദവിന്റെ കുടുംബത്തിനുനേരെ പാക് മാധ്യമങ്ങളുടെ കൂക്കിവിളി; ഭാര്യയുടെ താലിയും ചെരുപ്പുമുള്‍പ്പെടെ അഴിച്ചുവാങ്ങി അപമാനിച്ചു

ഇസ്ലാമാബാദ്: പാക്കിസ്താനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിനെ പാക്കിസ്താന്‍ അപമാനിച്ചു. കുല്‍ബൂഷന്റെ ഭാര്യ ചേതനയേയും മാതാവ് അവന്തിയേയും പാക്കിസ്താന്‍ അപമാനിക്കുകയായിരുന്നു. ഭാര്യയുടെ താലിയും ചെരുപ്പുമുള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഴിച്ചുവാങ്ങിയെന്നും മറാത്തി ഭാഷയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും കുടുംബം പറഞ്ഞു.

ഇസ്ലാമാബാദിലെത്തിയ കുടുംബം നാല്‍പ്പത് മിനിറ്റോളം കുല്‍ഭൂഷണുമായി കൂടിക്കാഴ്ച്ച നടത്തി. കനത്ത സുരക്ഷയിലായിരുന്നു കൂടിക്കാഴ്ച്ച. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണര്‍ ജെ.പി സിങ് കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തിരുന്നു. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി ഭാര്യയുടെ താലിമാലയും ചെരുപ്പും ഉദ്യോഗസ്ഥര്‍ ഊരിവാങ്ങിയിരുന്നു. എന്നാല്‍ തിരികെ വരുമ്പോള്‍ ചെരുപ്പ് നല്‍കിയില്ലെന്നും ചേതന പറഞ്ഞു. സമ്മര്‍ദ്ദങ്ങളുടെ ഭാഷയാണ് കുല്‍ഭൂഷണിനുണ്ടായിരുന്നതെന്നും ഭാര്യ കൂട്ടിച്ചേര്‍ത്തു.

കുല്‍ഭൂഷന്റെ കുടുംബവുമായുള്ള കൂടിക്കാഴ്ച്ച റിപ്പോര്‍ട്ട് ചെയ്യാന്‍ പാക്മാധ്യമങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. എന്നാല്‍ കുടുംബത്തെ കൂക്കിവിളിച്ചാണ് മാധ്യമങ്ങള്‍ വരവേറ്റതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇന്ന് രാവിലെ ഇന്ത്യയിലെത്തിയ കുടുംബം വിദേശകാര്യമന്ത്രി സുഷമാസ്വരാജുമായി കൂടിക്കാഴ്ച്ച നടത്തി.
അതേസമയം, കൂടിക്കാഴ്ച്ചക്ക് അനുവദിച്ച പാക്‌സര്‍ക്കാരിന് നന്ദിയുണ്ടെന്ന് കുല്‍ഭൂഷണ്‍ ജാദവ് പറഞ്ഞു. പാക്മാധ്യമങ്ങളാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്.

chandrika: