X

കുല്‍ബൂഷണ്‍ ജാദവിന്റെ വധശിക്ഷക്കെതിരെ ഇന്ത്യ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ചാരവൃത്തി നടത്തിയെന്നാരോപിച്ച് വധശിക്ഷക്ക് വിധിച്ച കുല്‍ബൂഷണ്‍ ജാദവിന്റെ വധശിക്ഷക്കെതിരെ ഇന്ത്യ, പാക് കോടതിയില്‍ ഹര്‍ജി നല്‍കി. ജാദവുമായി ബന്ധപ്പെടാന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് സൗകര്യം ഒരുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പാക്കിസ്താനിലെ ഇന്ത്യന്‍ അംബാസഡര്‍ ഗൗതം ബംബാവാലെ, പാക്കിസ്താന്‍ വിദേശകാര്യ സെക്രട്ടറി ടെഹ്മിന ജാന്‍ജുവയെ കണ്ടാണ് ഹര്‍ജി കൈമാറിയത്. ജാദവിന്റെ അമ്മയുടെ പേരിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് ജാദവിനെ പോലീസ് പിടികൂടുന്നത്. ചാരനാണെന്ന് ആരോപിച്ച് 10ന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ച ജാദവിനെ വിട്ടുകിട്ടാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ജാദവിന്റെ വധശിക്ഷ നടപ്പിലാക്കിയാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാകുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. കോടതിവിധിയോട് എതിര്‍പ്പുണ്ടെങ്കില്‍ 40ദിവസത്തിനകം മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നാണ് പാക്കിസ്താനിലെ ചട്ടം.

ജാദവിനെ മോചിപ്പിക്കണമെന്നും നാല്‍പ്പത് ദിവസത്തിനകം അദ്ദേഹത്തെ കാണാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം സമര്‍പ്പിച്ചതെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷ്ണര്‍ വ്യക്തമാക്കി. ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് കമാന്‍ഡറായി വിരമിച്ച ജാദവ് മഹാരാഷ്ട്രക്കാരനാണ്.

chandrika: