ആലപ്പുഴ: സര്‍ക്കാര്‍ പരിപാടിക്ക് ആളെകൂട്ടാന്‍ കുടുംബശ്രീ അംഗങ്ങളെ സമര്‍ദത്തിലാക്കുന്നത് തുടര്‍ക്കഥയാകുന്നു. അരൂരില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടന പരിപാടിയിലേക്ക് കുടുംബശ്രീ അംഗങ്ങളെ എത്തിക്കണമെന്ന സി.ഡി.എസ് ചെയര്‍പേഴ്‌സന്റെ വാട്‌സ്ആപ് ശബ്ദസന്ദേശം ഇന്നലെ പുറത്തായത് വിവാദത്തിന് തിരികൊളുത്തി.
അരൂര്‍ ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി എത്തുമ്പോള്‍ സദസില്‍ ആളെ ഉറപ്പിക്കാനായിരുന്നു താഴെത്തട്ടില്‍ കുടുംബശ്രീകള്‍ക്ക് നിര്‍ദേശം നല്‍കിയത്. അരൂരിലെ ഓരോ വാര്‍ഡില്‍ നിന്നും പത്തുപേരും സ്‌കൂളിന്റെ സമീപത്തുള്ള അഞ്ച്, ആറ്, ഏഴ് വാര്‍ഡുകളിലെ മുഴുവന്‍ കുടംബശ്രീ അംഗങ്ങളും എത്തിച്ചേരണമെന്നായിരുന്നു വാട്‌സ്ആപ് സന്ദേശത്തില്‍ പറഞ്ഞിരുന്നത്. കുടുംബശ്രീ, സി.ഡി.എസ്, എ.ഡി.എസ് എന്നിവര്‍ക്ക് പ്രത്യേകം വാട്‌സ്ആപ് ഗ്രൂപ്പുകള്‍ നിലവിലുണ്ട്.
ഇതുവഴിയാണ് മറ്റ് പ്രാദേശിക വാട്‌സ്ആപ് ഗ്രൂപ്പുകളിലേയ്ക്ക് സന്ദേശം എത്തിച്ചത്. സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ എതെങ്കിലും പാര്‍ട്ടിയുടെ കീഴിലുള്ള സംഘടനയല്ലെന്നും സി.പി.എമ്മിന്റെ പരിപാടികള്‍ക്ക് നിരന്തരം വിളിച്ച് സ്ത്രീകളെ ശല്യപ്പെടുത്തുകയാണെന്നും ഇത്തരം നടപടികളെ എതിര്‍ക്കുന്നവര്‍ പറയുന്നു. കോവിഡിന് ശേഷം സര്‍ക്കാര്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും മന്ത്രിമാരെത്തുമ്പോള്‍ ആളില്ലാത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.