കോഴിക്കോട്: ജെന്‍ഡര്‍ കാംപയിന്റെ ഭാഗമായുള്ള വിവാദ പ്രതിജ്ഞ പിന്‍വലിച്ച് കുടുംബശ്രീ. വിവിധ ഭാഗത്ത് നിന്നുള്ള പ്രതിഷേധം കനത്തതോടെയാണ് പ്രതിജ്ഞ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായത്. സ്ത്രീകള്‍ എടുക്കേണ്ട പ്രതിജ്ഞയിലെ അവസാന ഭാഗത്തെ നമ്മള്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യമായ സ്വത്തവകാശം നല്‍കും എന്ന വാചകമാണ് പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നത്. കുടുംബശ്രീ ജന്‍ഡര്‍ റിസോഴ്‌സ് യോഗങ്ങളിലുള്‍പ്പടെ എതിര്‍പ്പുകള്‍ ഉയര്‍ന്നു വന്നിരുന്നു.
പ്രതിജ്ഞ പിന്‍വലിച്ചതായി കുടുംബശ്രീ സംസ്ഥാന മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ മുഖേന യൂനിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. നേരത്തെ നല്‍കിയ പ്രതിജ്ഞ ഇനി ഉപയോഗിക്കരുതെന്നും എന്നാല്‍ മറ്റ് പ്രചാരണ പോസ്റ്ററുകള്‍ ഉപയോഗിക്കാമെന്നുമാണ് യൂനിറ്റുകള്‍ക്ക് ലഭിച്ച നിര്‍ദേശം. പുതുക്കിയ പ്രതിജ്ഞ പിന്നീട് നല്‍കുമെന്നും കുടുംബശ്രീ സംസ്ഥാന മിഷന്‍ അറിയിച്ചിട്ടുണ്ട്. വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് അധികൃതര്‍ യൂനിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രേഖാമൂലമുള്ള സര്‍ക്കുലറോ ഉത്തരവോ ഇത് സംബന്ധിച്ച് ഇറങ്ങിയിട്ടില്ല.