ഇന്ത്യന്‍ സൈക്കിള്‍ വിപണിയിലേക്ക് ഓസ്ട്രിയന്‍ നിര്‍മാതാക്കളായ കെ ടി എം സൈക്കിള്‍സുമെത്തുന്നു. സ്റ്റാര്‍ട്അപ് വിഭാഗത്തില്‍പെട്ട സൈക്കിള്‍ വിതരണക്കരായ ആല്‍ഫവെക്ടറിനാണു കെ ടി എം സൈക്കിള്‍സിന്റെ ഇന്ത്യയിലെ വിപണന ചുമതല.
കെ ടി എം ശ്രേണിയിലെ 30,000 മുതല്‍ 10 ലക്ഷം രൂപ വരെ വിലയുള്ള സൈക്കിളുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിക്കുമെന്നാണ് ആല്‍ഫവെക്ടറിന്റെ വാഗ്ദാനം. അടുത്തയിടെ പുറത്തിറക്കിയ ‘മെരാകി’ക്കു പിന്നാലെ കെ ടി എം ശ്രേണി കൂടി എത്തുന്നതോടെ സൈക്കിളുകള്‍ക്കുള്ള സ്വീകാര്യത വര്‍ധിക്കുമെന്നും ആല്‍ഫവെക്ടര്‍ കണക്കുകൂട്ടുന്നു.
കഴിഞ്ഞു പോയ നാളുകളില്‍ ഇന്ത്യയില്‍ സൈക്കിള്‍ രംഗത്ത് അടിസ്ഥാനപരമായ മാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് ആല്‍ഫവെക്ടര്‍ സഹ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ സചിന്‍ ചോപ്രയുടെ നിഗമനം. അതിവേഗമുള്ള പരിവര്‍ത്തനത്തിനാണു സൈക്കിള്‍ വിപണന മേഖല സാക്ഷ്യം വഹിക്കുന്നത്. മെട്രോ നഗരങ്ങളിലും മറ്റും കൂടുതല്‍ കൂടുതല്‍ ആളുകള്‍ സൈക്കിള്‍ സവാരിയെ ജീവിതശൈലിയായി സ്വീകരിക്കുന്നതിനാല്‍ പ്രീമിയം മോഡലുകള്‍ക്ക് ആവശ്യക്കാരേറിയിട്ടുണ്ടെന്നും ചോപ്ര വിലയിരുത്തുന്നു.
ഇന്ത്യന്‍ വിപണിയില്‍ പ്രീമിയം സൈക്കിളുകള്‍ക്ക് ആവശ്യക്കാരേറുന്നതാണ് കെ ടി എമ്മിന്റെ സാധ്യതകള്‍ സജീവമാക്കുന്നത്. 56 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യത്തിന്റെ പിന്‍ബലത്തോടെയാണ് ഇന്ത്യയില്‍ പ്രവേശിക്കുന്നതെന്ന് കെ ടി എം ബൈക്ക് ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ ജൊഹാന ഉര്‍കഫ് വിശദീകരിക്കുന്നു. നിരന്തര ഗവേഷണളും ഉന്നത ഗുണമേന്മയുള്ള സൈക്കിളുകളുമാണ് കെ ടി എമ്മിന്റെ മുഖമുദ്ര.
ഇന്ത്യയിലെ പ്രീമിയം സൈക്കിള്‍ വില്‍പ്പനയില്‍ നാലില്‍ മൂന്നു ഭാഗവും ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, പുണെ, ഹൈദരബാദ് തുടങ്ങിയ മെട്രോ നഗരങ്ങളുടെ സംഭാവനയാണെന്ന് ആല്‍ഫവെക്ടര്‍ കണക്കുകൂട്ടുന്നു.