X
    Categories: CultureMoreNewsViews

കെ.ടി.സി അബ്ദുള്ള അന്തരിച്ചു

കോഴിക്കോട്:സിനിമാ നടനും നാടകപ്രവര്‍ത്തകനുമായ കെ.ടി.സി അബ്ദുല്ല (82)അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം. കേരള ഡ്രമാറ്റിക് അക്കാദമി പ്രസിഡണ്ടും കെടിസി ലെയ്‌സണ്‍ മാനേജറുമായിരുന്നു. 1959 മുതല്‍ കെടിസിയില്‍ ജീവനക്കാരനായിരുന്നു അബ്ദുല്ല. നാടകത്തില്‍ തുടങ്ങിയ അഭിനയജീവിതത്തില്‍ പിന്നീട് സിനിമയിലും സീരിയലുമെത്തി. ഇരുപത്തിയഞ്ച് നാടകങ്ങളും അന്‍പതോളം സിനിമകളുമായി കലാജീവിതത്തിന് അറുപത് വയസ്സിലധികം പിന്നിട്ടു.
1936ല്‍ കോട്ടപ്പറമ്പിനടുത്ത് ഡ്രൈവര്‍ ഉണ്ണിമോയിന്റെയും ബീപാത്തുവിന്റെയും പുത്രനായി ജനിച്ച അബ്ദുല്ലഹിയാത്തുല്‍ ഇസ്ലാം സ്‌കൂളിലും ഗണപത് ഹൈസ്‌കൂളിലും പഠിച്ചു. സ്‌കൂള്‍ കാലത്ത് തന്നെ നാടകം എഴുതിയും പഠിച്ചും തുടങ്ങി. സുഹൃത്തുക്കളായിരുന്ന കെപി ഉമ്മര്‍, മാമുക്കോയ തുടങ്ങിയവര്‍ക്കൊപ്പം ചേര്‍ന്ന് യുണൈറ്റഡ് ഡ്രമാറ്റിക് അക്കാദമി രൂപീകരിച്ച് പതിനെട്ടാം വയസ്സില്‍ നാടകത്തില്‍ സജീവമായി. 1959ലാണ് കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ചേര്‍ന്നത്. 77ല്‍ രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെ സിനിമാഭിനയത്തിലേക്ക് കടന്നു. അറബിക്കഥ, ഗദ്ദാമ തുടങ്ങി വിഖ്യാതമായ സിനിമകള്‍ മുതല്‍ ഈയിടെ റിലീസ് ചെയ്ത സുഡാനി ഫ്രം നൈജീരിയയില്‍ വരെ അഭിനയിച്ചു.
ഭാര്യ: ഖദീജമക്കള്‍: അബ്ദുല്‍ഗഫൂര്‍ (ഹോളിവുഡ് ഷൂസ്), ഹുമയൂണ്‍ കബീര്‍ (അബൂദാബി), മിനു ഷരീഫ, സാജിദ, ഷെറീജ. മരുമക്കള്‍: എംഎ സത്താര്‍ മോഡേണ്‍(ഓള്‍്ഡ് മെറ്റല്‍സ്), മുസ്തഫ കെ മാത്തോട്ടം(എആര്‍എം ബേക്കറി), സിഎ സലീം ചന്ദ്രിക(ഒളവണ്ണ), ഷാജിറ, മുബശ്ശിറ.
സ്വന്തം വസതിയായ പന്നിയങ്കര പാര്‍വതീപുരം ഷാജി നിവാസില്‍ ദര്‍ശനത്തിനെത്തിച്ച മൃതദേഹം ഇന്ന് 12 മണിക്ക് മാത്തോട്ടം ഖബര്‍സ്ഥാന്‍ പള്ളിയില്‍ ഖബറടക്കം നടത്തും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: