തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രി കെ.ടി ജലീല്‍ രാജിവെച്ചു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ബന്ധുനിയമനവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീല്‍ യോഗ്യനല്ലെന്നു ലോകായുക്ത ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പിടിച്ചുനില്‍ക്കാനാവാതെ ജലീലിന് രാജിവെക്കേണ്ടി വന്നത്.
സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി മന്ത്രി കെ.ടി. ജലീല്‍ ബന്ധു കെ.ടി. അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും, മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീല്‍ യോഗ്യനല്ലെന്നുമായിരുന്നു ലോകായുക്ത ഉത്തരവ്. അദീബിന്റെ നിയമനത്തിനായി ജനറല്‍ മാനേജറുടെ വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തിയതായി ലോകായുക്ത നിരീക്ഷിച്ചു.
മന്ത്രി പദവി സ്വകാര്യ താല്‍പര്യത്തിനായി ദുരുപയോഗം ചെയ്യുകയും പക്ഷപാതപരമായി പെരുമാറുകയും ചെയ്തു. ഇതിലൂടെ മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നുമാണ് ലോകായുക്ത കണ്ടെത്തിയത്. യൂത്ത് ലീഗ് നേതാവ് വി.കെ. മുഹമ്മദ് ഷാഫിയുടെ പരാതിയിലായിരുന്നു നടപടി. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ മാനേജര്‍ പദവിയിലിരിക്കുമ്പോഴാണ് അദീബിനെ ഡപ്യൂട്ടേഷനില്‍ ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ നിയമിച്ചത്.