കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പോയപ്പോള്‍ ഔദ്യോഗിക വാഹനം ഒഴിവാക്കിയതിന് വിചിത്രമായ മറുപടിയുമായി മന്ത്രി കെ.ടി ജലീല്‍. മലപ്പുറത്തെ വിലാസത്തിലാണ് ചോദ്യം ചെയ്യലിന് നോട്ടീസ് ലഭിച്ചത്. അതുകൊണ്ടാണ് ഔദ്യോഗിക വാഹനം ഒഴിവാക്കി പോയതെന്നാണ് മന്ത്രി നല്‍കുന്ന വിശദീകരണം. മുഖ്യമന്ത്രിയെ അറിയിച്ച ശേഷമാണ് ഇഡിക്ക് മുന്നില്‍ ഹാജരായതെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ശേഷവും മന്ത്രി വിവരങ്ങള്‍ മുഖ്യമന്ത്രിയേയും സിപിഎം നേതാക്കളേയും അറിയിച്ചിരുന്നു.
ഇന്നലെ രാവിലെ 10 മണി മുതല്‍ ഉച്ചവരെയാണ് ജലീലിനെ ഇഡി ചോദ്യം ചെയ്തത്. സ്വത്ത് വിവരങ്ങളെക്കുറിച്ചും യുഎഇ കോണ്‍സുലേറ്റ് വന്ന പെട്ടികളെ കുറിച്ചും സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തെ കുറിച്ചുമെല്ലാം ഇഡി ചോദിച്ചു. വഖഫ് മന്ത്രിയെന്ന നിലയിലുള്ള ഔദ്യോഗികമായ ബന്ധം മാത്രമാണ് യുഎഇ കോണ്‍സുലേറ്റുമായി ഉള്ളതെന്നായിരുന്നു മന്ത്രിയുടെ മറുപടി. കോണ്‍സുലേറ്റ് ജീവനക്കാരിയെന്ന നിലയിലാണ് സ്വപ്‌നയുമായി ബന്ധപ്പെട്ടതെന്നും മന്ത്രി വിശദീകരിക്കുന്നു.
മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം കനക്കുകയാണ്. പ്രതിഷേധങ്ങളെ അടിച്ചൊതുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. അതിനിടെ മന്ത്രിയെ പിന്തുണച്ച് സിപിഎം കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും രംഗത്തെത്തി. മന്ത്രിക്കെതിരെ നടക്കുന്നത് ലീഗ്-കോണ്‍ഗ്രസ്-ബിജെപി ഗൂഢാലോചനയാണെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. മന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.