കൊച്ചി: കെടി ജലീലിനെ സാക്ഷിയാക്കുന്ന കാര്യം പരിഗണിച്ചിട്ടില്ല എന്ന് എന്‍ഐഎ. ഇപ്പോള്‍ നടന്നത് പ്രാഥമികമായ ചോദ്യം ചെയ്യലാണെന്നും എന്‍ഐഎ പറഞ്ഞു. സംഭവത്തില്‍ കെടി ജലീലിന്റെ വാദങ്ങള്‍ തള്ളുന്ന നിലപാടാണ് ഇപ്പോള്‍ എന്‍ഐഎ സ്വീകരിച്ചിരിക്കുന്നത്. സാക്ഷിമൊഴി രേഖപ്പെടുത്താനാണ് തന്നെ വിളിപ്പിച്ചതെന്നും എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം നല്‍കി എന്നുമാണ് നേരത്തെ ജലീല്‍ പറഞ്ഞത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ എട്ടുമണിക്കൂറാണ് എന്‍ഐഎ ചോദ്യം ചെയ്തത്. ഏകദേശം പത്തു മണിക്കൂറാണ് ജലീല്‍ എന്‍ഐഎ ഓഫീസില്‍ ചെലവഴിച്ചത്.ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനു ശേഷം മുഖത്ത് ഒരു ചിരി വരുത്തിയാണ് പുറത്തിറങ്ങിയത്. ശേഷം കാറില്‍ കയറി പോയി.
പുറത്ത് പ്രതിഷേധവും തുടരുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരായതു പോലെ അതീവ രഹസ്യമായി എന്‍ഐഎക്ക് മുമ്പിലും എത്താനായിരുന്നു മന്ത്രി കെടി ജലീല്‍ ശ്രമിച്ചത്. എന്‍ഐഎ യുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും വരും മുമ്പ്, രാവിലെ ആറുമണിക്ക് എന്‍ഐഎ ഓഫീസില്‍ മന്ത്രി എത്തിയെങ്കിലും വിവരം പുറത്തറിഞ്ഞതോടെ രഹസ്യ നീക്കം പാളി. ഔദ്യോഗിക വാഹനം ഒഴിവാക്കി കളമശ്ശേരിയില്‍ നിന്നും മുന്‍ എംഎല്‍എ എ.എം യൂസഫിന്റെ കാറിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയത്.
മന്ത്രി പുലര്‍ച്ചെയാണ് നേരിട്ട് വിളിച്ച് സ്വകാര്യ വാഹനം ആവശ്യപ്പെട്ടതെന്നാണ് സിപിഎം നേതാവ് എ.എം യൂസഫ് പറഞ്ഞത്. പുലര്‍ച്ചെയോടെ കളമശ്ശേരിയിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വണ്ടി എത്തിക്കാനാണ് ആവശ്യപ്പെട്ടത്. അതനുസരിച്ച് പുലര്‍ച്ചെ നാലരയോടെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വണ്ടി കൊണ്ടു വന്നു. ഈ വണ്ടിയിലാണ് മന്ത്രി പുലര്‍ച്ചെ അഞ്ചരയോടെ എന്‍ഐഎ ഓഫീസിലെത്തിയത്.
ചോദ്യം ചെയ്യല്‍ ഓണ്‍ലൈനിലാക്കാന്‍ കഴിയുമോ എന്നും, രാത്രിയാക്കാമോ എന്നും, ചോദിച്ചെങ്കിലും കഴിയില്ലെന്ന മറുപടി എന്‍ഐഎ ഉദ്യോഗസ്ഥര്‍ നല്‍കിയെന്നാണ് സൂചന. അതേത്തുടര്‍ന്നാണ് മന്ത്രി ചോദ്യം ചെയ്യലിന് നേരിട്ടെത്തിയത്. ഇന്നലെ രാത്രി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എന്‍ഐഎ സംഘമെത്തി ജലീലിന്റെ മൊഴി പരിശോധിച്ചിരുന്നു.
നയതന്ത്ര ബാഗേജിലൂടെ ഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതിന്റെ മറവില്‍, രാജ്യാന്തര കളളക്കടത്തെന്ന സംശയത്തിലാണ് മന്ത്രി കെ ടി ജലീലിനെ എന്‍ ഐ എ ചോദ്യം ചെയ്തത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്ന സുരേഷിനെ പരിചയമെന്ന മന്ത്രിയുടെ വാദം എന്‍ഐഎ മുഖവിലക്കെടുത്തിട്ടില്ല.