കോഴിക്കോട്: പാണക്കാട് നിന്നല്ല തന്നെ മന്ത്രിയാക്കിയത് എന്ന് വീരവാദം മുഴക്കിയ മന്ത്രി കെ.ടി ജലീല്‍ ഒടുവില്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പാണക്കാട് തങ്ങളിലേക്ക് തന്നെ മടങ്ങുന്നു. താന്‍ സത്യസന്ധനാണെന്നും താന്‍ കളവ് ചെയ്തുവെന്ന് പാണക്കാട് ഹൈദരലി തങ്ങളോ സാദിഖലി തങ്ങളോ നെഞ്ചില്‍ കൈവെച്ച് പറഞ്ഞാല്‍ രാജിവെക്കാന്‍ തയ്യാറാണെന്നുമാണ് ജലീല്‍ കഴിഞ്ഞ ദിവസം കൈരളി ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞത്. ബന്ധുനിയമനം വിവാദമായപ്പോള്‍ പാണക്കാട് തറവാട്ടില്‍ നിന്നല്ല എകെജി സെന്ററില്‍ നിന്നാണ് തന്നെ മന്ത്രിയാക്കിയത് എന്നായിരുന്നു ജലീലിന്റെ വീരവാദം.
അഭിമുഖത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ജലീല്‍ വെളിപ്പെടുത്തി. ഇഡി ചോദ്യം ചെയ്തകാര്യം താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. തികച്ചും രഹസ്യമായാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ എന്നെ അറിയിക്കുന്നത്. അക്കാര്യം ഞാനും രഹസ്യമാക്കിവെച്ചു. അവര്‍ക്ക് വിവരം കൈമാറിയതും രഹസ്യമായാണ്. അവര്‍ പറഞ്ഞ രഹസ്യം ഞാനായിട്ട് പൊളിക്കണ്ട എന്നു മാത്രമാണ് കരുതിയത്. അതില്‍ അല്‍പം കുസൃതി മാത്രമാണ് സൂക്ഷിച്ചത്. പക്ഷേ അപ്പോഴേക്കും മാധ്യമങ്ങളോട് താനൊരു കള്ളം പറഞ്ഞു എന്ന പേരിലാണ് എന്നെ വിചാരണ ചെയ്തു തുടങ്ങിയത്. ജലീല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടത്തിയ ചട്ടലംഘനത്തെ കുറിച്ച് ഒന്നും പ്രതികരിക്കാന്‍ തയ്യാറാവാതിരുന്ന മന്ത്രി സഹതാപതരംഗം സൃഷ്ടിക്കാനാണ് അഭിമുഖത്തില്‍ ശ്രമിച്ചത്. ഖുര്‍ആന്‍ രഹസ്യമാക്കി കൊണ്ടുവന്നത്, വന്ന പെട്ടികളിലെ ഭാരവ്യത്യാസം, സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ടതിലെ അസ്വാഭാവിക, സി ആപ്റ്റ് ജീവനക്കാരുടെ സ്ഥലമാറ്റം തുടങ്ങിയ കാര്യങ്ങളിലൊന്നും മന്ത്രി മറുപടി പറയുന്നില്ല. താന്‍ കള്ളനല്ലെന്ന് ലീഗുകാര്‍ക്കറിയാം എന്ന് മാത്രമാണ് ജലീല്‍ അഭിമുഖത്തില്‍ ആകെ പറഞ്ഞ കാര്യം.