X
    Categories: keralaNews

കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഗുരുതര ചട്ടലംഘനം; ജലീലിന് രാജിയല്ലാതെ മറ്റു വഴിയില്ല

തിരുവനന്തപുരം: മന്ത്രിയെന്ന നിലയില്‍ പ്രോട്ടോകോള്‍ ലംഘിച്ച് മന്ത്രി കെ.ടി ജലീല്‍ നേരിട്ട് കോണ്‍സുലേറ്റുമായി ഇടപാടുകള്‍ നടത്തിയത് കൂടുതല്‍ കുരുക്കാവുന്നു. ചോദ്യം ചെയ്യല്‍ മാത്രമല്ലേ ഉണ്ടായുള്ളൂ എന്നാണ് ജലീലും സര്‍ക്കാര്‍ ചോദിക്കുന്നത്. എന്നാല്‍ ഈ ഇടപാട് മറയാക്കി സ്വര്‍ണക്കടത്ത് നടന്നിരിക്കാമെന്ന നിഗമനത്തിലാണ് കേന്ദ്ര ഏജന്‍സികള്‍. കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യാന്‍ മന്ത്രി നടത്തിയ ഇടപെടലും കോണ്‍സല്‍ ജനറലുമായും സ്വപ്‌ന സുരേഷുമായും നടത്തിയ ആശയവിനിമയവും പൊതുഭരണ വകുപ്പിന്റെ സര്‍ക്കുലറിന് തന്നെ വിരുദ്ധമാണ്.

കോണ്‍സുലേറ്റ് ജീവനക്കാരിയെന്ന നിലയിലാണ് സ്വപ്‌നയുമായി സംസാരിച്ചതെന്നാണ് ജലീല്‍ പറയുന്ന ന്യായം. എന്നല്‍ കോണ്‍സുലേറ്റ് വിട്ട് സംസ്ഥാന സര്‍ക്കാറിന് കീഴിലെ സ്‌പൈസസ് പാര്‍ക്കില്‍ ജോലി ചെയ്യുകയായിരുന്ന സ്വപ്‌ന. അതിനാല്‍ എന്ത് കാര്യത്തിനായിരുന്ന സ്വപ്‌നയുമായി ഫോണില്‍ സംസാരിച്ചതെന്ന് മന്ത്രിക്ക് വിശദീകരിക്കേണ്ടി വരും.

നയതന്ത്ര ചാനല്‍ വഴിയെത്തിയ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചതിന് മന്ത്രി ഔദ്യോഗിക നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലെന്നാണ് സൂചന. കള്ളക്കടത്ത് സംഘം ഈ പാക്കേജിന്റെ കൂട്ടത്തില്‍ തിരുവനന്തപുരത്ത് സ്വര്‍ണമെത്തിച്ച ശേഷം മറ്റു ജില്ലകളില്‍ അത് എത്തിച്ചിട്ടുണ്ടോയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മന്ത്രിയെ ചോദ്യം ചെയ്തത്.

മന്ത്രിയെന്ന നിലയിലല്ല ജലീലിനെ ചോദ്യം ചെയ്തതെന്നും അതിനാലാണ് സ്വകാര്യ വാഹനത്തില്‍ ചോദ്യം ചെയ്യലിന് എത്തിയതെന്നുമാണ് മന്ത്രിയും സിപിഎമ്മും വാദിക്കുന്നത്. എന്നാല്‍ മന്ത്രി ക്വാറന്റീനിലായതിനാലാണ് മലപ്പുറത്തെ വിലാസത്തില്‍ നോട്ടീസ് നല്‍കിയതെന്നാണ് ഇഡി അധികൃതരുടെ വിശദീകരണം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: