തിരുവനന്തപുരം: സര്‍വ്വകലാശാല ചട്ടങ്ങളുംസുപ്രീംകോടതിവിധിയുംമറികടന്ന് കോളേജ് അധ്യാപക നിയമനം അംഗീകരിക്കണമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ടി.ജലീലിന്റെ നിര്‍ദ്ദേശം വിവാദമാകുന്നു. സര്‍വ്വകലാശാല ഭരണത്തിലും മാര്‍ക്ക് ദാനങ്ങളിലുമുള്ള മന്ത്രിയുടെ ഇടപെടലുകളില്‍ ഗവര്‍ണര്‍ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ചട്ടവിരുദ്ധമായി കോളേജ് അധ്യാപക നിയമനത്തിന് അംഗീകാരം നല്‍കാന്‍ കേരള വൈസ് ചാന്‍സലര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.
തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിലെ ലാറ്റിന്‍ ഭാഷ അധ്യാപകനും പ്രിന്‍സിപ്പലുമായ ദാസപ്പനെയാണ് ചട്ടവിരുദ്ധമായി ഇംഗ്ലീഷ് അധ്യാപകനായി മാറ്റി നിയമിക്കുന്നതിനുള്ള അനുമതി നല്‍കാന്‍ മന്ത്രി കേരള സര്‍വ്വകലാശാലക്കും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
യുജിസി ചട്ടപ്രകാരമുള്ള സെലക്ഷന്‍ കമ്മിറ്റിയിലൂടെ ഒരു വിഷയത്തില്‍ നിയമിക്കുന്ന അധ്യാപകനെ മറ്റൊരു വിഷയത്തിലേക്ക് മാറ്റി നിയമിക്കുവാന്‍ പാടില്ലെന്ന് യൂണിവേഴ്‌സിറ്റി സ്റ്റാറ്റിയുട്ട് അനുശാസിക്കുന്നു. ഇത് സംബന്ധിച്ച സുപ്രീംകോടതിയുടെ വിധികൂടി ചൂണ്ടികാണിച്ച് സര്‍വ്വകലാശാല തള്ളിക്കളഞ്ഞ അപേക്ഷ പുനപരിശോധിക്കാനാണ് മന്ത്രി ഇപ്പോള്‍ വിസിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ഇത് അനുവദിച്ചാല്‍ സൗകര്യപ്രദമായ വിഷയങ്ങളില്‍ നിയമനങ്ങള്‍ നടത്തുന്നതിന് സ്വകാര്യ മാനേജ്‌മെന്റുകള്‍ നിരവധി അധ്യാപകരെ വിഷയം മാറ്റി നിയമിക്കാനുള്ള സാദ്ധ്യതകള്‍ വര്‍ധിക്കും.ഇത് ചട്ടപ്രകാരം രൂപീകരിക്കു ന്ന സെലക്ഷന്‍ കമ്മിറ്റകളുടെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന രീതിയില്‍ ഗൗരവതരമാണ്.
ഇതിനുവേണ്ടി സര്‍വകലാശാലയുടെയും, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെയും, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ഉദ്യോഗസ്ഥന്മാരുടെ യോഗം മന്ത്രിയുടെ ചേമ്പറില്‍ വിളിച്ചുകൂട്ടിയാണ് മന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അപേക്ഷകനായ പ്രിന്‍സിപ്പലിന്റെ കൂടി സാന്നിധ്യത്തിലാണ് മന്ത്രി ഉന്നതതല യോഗംവിളിച്ചു ചേര്‍ത്തത്. യോഗത്തിന്റെ മിനുട്‌സില്‍ അപേക്ഷകനും ഒപ്പുവച്ചിട്ടുണ്ട്.
ചട്ടപ്രകാരം തള്ളിക്കളഞ്ഞ അപേക്ഷ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പുന:പരിശോധിക്കാന്‍ വൈസ് ചാന്‍സലര്‍ നാളെ കൂടുന്ന സിന്‍ഡിക്കേറ്റിന്റെ പരിഗണയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.
മന്ത്രിയുടെ ശക്തമായ ഇടപെടലിനെതുടര്‍ന്ന്, കോളേജ് മാനേജ്‌മെന്റിന്റെ കമ്മ്യൂണിറ്റിയില്‍പെട്ട അ പേക്ഷകനായ ഒരു ഉദ്യോഗാര്‍ത്ഥിയെ ഒഴിവാക്കി തിരുവനന്തപുരത്തെ ഒരു വ്യവസായിയുടെ മകള്‍ക്ക് കോമേഴ്‌സ് വകുപ്പില്‍ അധ്യാപികയായി ജോലി നല്‍കിയതിന് പാരിതോഷികമായാണ് മന്ത്രി തന്നെ മുന്‍കൈയ്യെടുത്തു ചട്ട വിരുദ്ധമായി വിസിക്ക് നിര്‍ദ്ദേശം നല്‍കിയതെന്ന് ആക്ഷേപമുണ്ട്.