X
    Categories: keralaNews

നിരന്തരവിവാദം: കെ.ടി ജലീല്‍ സര്‍ക്കാറിലും മുന്നണിയിലും ഒറ്റപ്പെടുന്നു

തിരുവനന്തപുരം: നിരന്തരമായി വിവാദങ്ങളില്‍ പെട്ട് സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന മന്ത്രി ജലീലിനെതിരെ ഇടതു മുന്നണിയിലും സിപിഎമ്മിലും അമര്‍ഷം. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തക്കാരനാണെന്ന ഒറ്റ യോഗ്യതയില്‍ ഇനിയും ജലീലിന്റെ പാപഭാരം മുന്നണിയൊന്നാകെ ചുമക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐ നേതൃത്വം. പാര്‍ട്ടി അംഗം പോലുമല്ലാത്ത ജലീലിന് വേണ്ടി ഇനിയും ന്യായീകരിച്ച് ചാവേറുകളാവാന്‍ തങ്ങളില്ലെന്ന യുവനേതാക്കളും എത്തിയതോടെ ജലീല്‍ ശരിക്കും വിഷമവൃത്തത്തിലാണ്. പാര്‍ട്ടിയിലോ മുന്നണിയിലോ ആലോചിക്കാതെ ജലീല്‍ നടത്തുന്ന എടുത്തുചാട്ടങ്ങളാണ് എപ്പോഴും വിവാദങ്ങളുണ്ടാക്കുന്നത്. ഇനിയും ഈ വിഴുപ്പ് ചുമക്കേണ്ടെന്ന നിലപാട് മുന്നണിയില്‍ ശക്തമാണ്.

ബന്ധുവിനെ ന്യൂനപക്ഷ കോര്‍പറേഷന്‍ തലപ്പത്ത് നിയമിച്ചപ്പോള്‍ തന്നെ അദ്ദേഹത്തെ രാജിവെപ്പിക്കേണ്ടിയിരുന്നു എന്ന നിലപാടിലാണ് ഇടതു നേതൃത്വത്തിലെ പല പ്രധാനികളും. ബന്ധുനിയമനത്തിന്റെ പേരില്‍ ഇ.പി ജയരാജനെ രാജിവെപ്പിച്ച മുഖ്യമന്ത്രി ജലീലിന് വേണ്ടി രംഗത്തിറങ്ങിയതിലും വലിയ അമര്‍ഷം സര്‍ക്കാറിലും പാര്‍ട്ടിയിലുമുണ്ട്. കോവിഡ് മഹാമാരിയുടെ മറവില്‍ മുഖ്യമന്ത്രിയുടെ വീരകഥകള്‍ വാഴ്ത്തി രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടെ വന്നു വീണ ജലീലിന്റെ കോണ്‍സുലേറ്റ് ഇടപാടുകള്‍ ഇടത് മുന്നണിക്ക് ഇരുട്ടടിയാവുകയായിരുന്നു. കോണ്‍സുലേറ്റ് ഇടപാടുകള്‍ വിവാദമായതോടെ രക്ഷപ്പെടാന്‍ ഖുര്‍ആനെ കൂട്ടുപിടിച്ചതിലും മുന്നണിയില്‍ അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്. രാഷ്ട്രീയ ലാഭത്തിനായി മതത്തേയും മതഗ്രന്ഥത്തേയും കൂട്ടുപിടിക്കുന്നത് വിശ്വാസികള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുമെന്ന ഭയവും സിപിഎം നേതൃത്വത്തിനുണ്ട്.

എല്ലായിപ്പോഴും ജലീലിന്റെ സംരക്ഷകനായിട്ടുള്ള മുഖ്യമന്ത്രിയും ജലീലിനെ കൈവിട്ടതായാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണവിധേയമായതോടെ പ്രതിരോധത്തിലായ മുഖ്യമന്ത്രിയെ കൂടുതല്‍ കുരുക്കിലാക്കുന്നതായിരുന്നു ജലീലിന് യുഎഇ കോണ്‍സുലേറ്റുമായുള്ള ബന്ധം. ബന്ധുനിയമനം, വിവാദ മോഡറേഷന്‍ തുടങ്ങി നിരന്തരമായ വിവാദങ്ങളിലൂടെ സ്വയം കെട്ടിപ്പൊക്കിയ വ്യാജ പ്രതിച്ഛായ തകര്‍ന്നതോടെ ജലീലിന് ഇനി അധികം ചുമക്കേണ്ടെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. മുഖ്യമന്ത്രി സമ്മതം മൂളുകയാണെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജലീലിനെ രാജിവെപ്പിച്ച് പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയും സിപിഎം നേതൃത്വം നടത്തുന്നുണ്ട്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: