X
    Categories: keralaNews

രാജിയാവശ്യം ഉയര്‍ന്നതിന് പിന്നാലെ പുതിയ അടവുമായി കെ.ടി ജലീല്‍

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് കേന്ദ്രാനുമതിയില്ലാതെ ഇടപാട് നടത്തിയതിന് കേന്ദ്ര ധനകാര്യമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ അടവുമായി മന്ത്രി കെ.ടി ജലീല്‍. തനിക്കെതിരായ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തനിക്കെതിരെ ഏത് ഏജന്‍സി അന്വേഷണം നടത്തിയാലും തനിക്കൊന്നും ഒളിക്കാനില്ല. തന്റെ മടിയില്‍ കനമില്ലാത്തതിനാല്‍ തനിക്ക് ആരെയും പേടിയില്ലെന്നും ജലീല്‍ പറഞ്ഞു.

നിരന്തരം വിവാദങ്ങളില്‍പ്പെടുന്ന മന്ത്രിക്കെതിരെ പുതിയ അന്വേഷണം കൂടി വന്നതോടെ ഇടതു മുന്നണിക്കുള്ള കടുത്ത അമര്‍ഷം പുകയുന്നുണ്ട്. ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് മന്ത്രി തനിക്ക് അന്വേഷണത്തെ ഭയമില്ലെന്ന വീരവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ റമസാന്‍ കിറ്റ് കൈപ്പറ്റിയെന്ന് മന്ത്രി ജലീല്‍ തന്നെ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മുമ്പ് വ്യക്തമാക്കിയതാണ്. ഇത് കേന്ദ്രാനുമതിയില്ലാതെയാണ് എന്ന് മന്ത്രി തന്നെ സമ്മതിച്ചതുമാണ്. നിയമവിരുദ്ധമായ കാര്യം ചെയ്തുവെന്ന മുമ്പ് പറഞ്ഞ മന്ത്രി ഇപ്പോള്‍ തനിക്ക് മടിയില്‍ കനമില്ലെന്ന് പരിഹാസ്യമാണെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം.

മുഖ്യമന്ത്രിയുമായുള്ള അടുത്ത ബന്ധമാണ് മന്ത്രിസഭയില്‍ ജലീലിനെ ഉറപ്പിച്ച് നിര്‍ത്തുന്നത്. ഇ.പി ജയരാജനെ ബന്ധുനിയമനത്തിന്റെ പേരില്‍ പുറത്താക്കിയ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിച്ചു നിര്‍ത്തിയതും പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. അഞ്ച് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റത്തിനാണ് ഇപ്പോള്‍ ജലീലിനെതിരെ അന്വേഷണം നടക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: