തിരുവനന്തപുരം: താന്‍ ഒരുതെറ്റും ചെയ്തിട്ടില്ലെന്നും ചെറിയൊരു വീഴ്ചയെങ്കിലും തനിക്കുണ്ടായി എന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താമെന്നും ജലീല്‍ പറഞ്ഞു. കൈരളി ചാനലില്‍ ജോണ്‍ ബ്രിട്ടാസിന് നല്‍കിയ അഭിമുഖത്തിലാണ് കെ.ടി ജലീലിന്റെ പുതിയ മലക്കം മറിച്ചില്‍. ഞാന്‍ സത്യസന്ധനാണെന്ന് ലീഗ് നേതാക്കള്‍ക്കറിയാം. ഞാന്‍ കളവ് ചെയ്‌തെന്ന് പി.കെ കുഞ്ഞാലിക്കുട്ടി സാഹിബോ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞാല്‍ ഞാന്‍ രാജിവെക്കാം. തെറ്റ് ചെയ്തിട്ടില്ലെന്ന് ഖുര്‍ആന്‍ തൊട്ട് സത്യം ചെയ്യാന്‍ തയ്യാറാണെന്നും ജലീല്‍ പറഞ്ഞു. കുറ്റിപ്പുറം തെരഞ്ഞെടുപ്പ് ജയമെന്ന പതിവ് വീരവാദം അഭിമുഖത്തില്‍ ജലീല്‍ ആവര്‍ത്തിച്ചു. കുറ്റിപ്പുറത്ത് തോല്‍പിച്ചതിന്റെ പകയാണ് ലീഗ് തീര്‍ക്കുന്നത് എന്ന് ജലീല്‍ പറഞ്ഞു.
ഇഡി ചോദ്യം ചെയ്തകാര്യം താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. തികച്ചും രഹസ്യമായാണ് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യാന്‍ എന്നെ അറിയിക്കുന്നത്. അക്കാര്യം ഞാനും രഹസ്യമാക്കിവെച്ചു. അവര്‍ക്ക് വിവരം കൈമാറിയതും രഹസ്യമായാണ്. അവര്‍ പറഞ്ഞ രഹസ്യം ഞാനായിട്ട് പൊളിക്കണ്ട എന്നു മാത്രമാണ് കരുതിയത്. അതില്‍ അല്‍പം കുസൃതി മാത്രമാണ് സൂക്ഷിച്ചത്. പക്ഷേ അപ്പോഴേക്കും മാധ്യമങ്ങളോട് താനൊരു കള്ളം പറഞ്ഞു എന്ന പേരിലാണ് എന്നെ വിചാരണ ചെയ്തു തുടങ്ങിയത്. ജലീല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
എന്റെ വീട്ടില്‍ ആരും സ്വര്‍ണം ഉപയോഗിക്കാറില്ല. ഭാര്യ ഉപയോഗിക്കാറില്ല. ഭാര്യക്ക് മുപ്പത് പവന്റെ സ്വര്‍ണമുണ്ടായിരുന്നു. അതെല്ലാം വീടുവെച്ചപ്പോള്‍ അതിനായി വില്‍ക്കേണ്ടി വന്നു. പിന്നീട് വീട്ടില്‍ ഒരു തരി സ്വര്‍ണംപോലുമില്ല. രണ്ടു പെണ്‍മക്കളും സ്വര്‍ണം ഉപയോഗിക്കാറില്ല. മകള്‍ക്ക് വിവാഹ സമയത്ത് ആകെ നല്‍കിയത് ആറായിരം രൂപയുടെ മുത്തുമാലയാണ്. അവള്‍ക്ക് മഹറായി കിട്ടിയത് പരിശുദ്ധ ഖുര്‍ആനാണെന്നും ജലീല്‍ പറഞ്ഞു.