X
    Categories: CultureNewsViews

കെ.ടി ജലീല്‍ ഇടപെട്ട് തൊഴില്‍ പീഡനവും; ബന്ധുനിയമനം വീണ്ടും ചര്‍ച്ചയിലേക്ക്

കോഴിക്കോട്: പിതൃസഹോദര പുത്രന് നിയമവും ചട്ടവും ലംഘിച്ച് നിയമനം നല്‍കിയ മന്ത്രി കെ.ടി ജലീലിന്റെ നടപടിക്ക് പിന്നാലെ, അന്ന് തഴയപ്പെട്ട യോഗ്യതയുളളയാള്‍ തൊഴില്‍ പീഡനത്തെ തുടര്‍ന്ന് നിലവിലെ സര്‍ക്കാര്‍ ജോലി രാജിവെച്ചു. സഹീര്‍ കാലടിയാണ് മാല്‍കോടെക്‌സില്‍ നിന്ന് തൊഴില്‍ പീഡനത്തെ തുടര്‍ന്ന് രാജിവെച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം തുടങ്ങാതെ പൊലീസ് ഒത്തുകളിച്ചതിനാല്‍ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
മന്ത്രി കെ.ടി ജലീല്‍ ബന്ധു കെ.ടി അദീബിനു ഇന്റര്‍വ്യൂവില്‍ പോലും പങ്കെടുക്കാതെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ സ്വകാര്യ ബാങ്കില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നല്‍കിയത് വലിയ വിവാദമായിരുന്നു. വിഷയം വിവിധ അന്വേജന ഏജന്‍സികളുടെയും മറ്റും പരിഗണനയിലാണ്. വിവാദത്തെ തുടര്‍ന്ന് കെ.ടി അദീബ് ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്ന് രാജിവെക്കുകയും ശമ്പളമായും മറ്റും കൈപറ്റിയ തുക തിരിച്ചടക്കുകയും ചെയ്തിരുന്നു.
അന്നു അപേക്ഷകരില്‍ ഏറ്റവും കൂടുതല്‍ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥിയായിരുന്ന സഹീര്‍ കാലടിയെ അവഗണിച്ചാണ് മന്ത്രി ബന്ധുവിനു വഴിവിട്ട് നിയമനം നല്‍കിയത്. സഹീറിനു എം.കോം, എം.ബി.എ എന്നീ ഇരട്ട ബിരുദാനന്തര ബിരുദ യോഗ്യതയും പൊതുമേഖലാ സ്ഥാപനമായ കുറ്റിപ്പുറം മാല്‍കോടെക്‌സില്‍ ഫിനാന്‍സ് മാനേജര്‍ തസ്തികയില്‍ പ്രവൃത്തി പരിചയവുമുണ്ടായിരുന്നു. പൊതുമേഖലയില്‍ 13 വര്‍ഷത്തെ സര്‍വ്വീസുമുണ്ടായിരുന്നു. ഇതെല്ലാം അവഗണിച്ചാണ് അദ്ദേഹത്തെ തഴഞ്ഞ് മന്ത്രി ബന്ധുവിന് നിയമനം നല്‍കിയത്. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലെ നിയമനത്തിനു ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ 2019 ഫെബ്രുവരിയില്‍ വീണ്ടും അപേക്ഷ ക്ഷണിച്ചപ്പോഴും സഹീര്‍ കാലടി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ മാല്‍കോടെക്‌സില്‍ നിന്നും എന്‍.ഒ.സി നല്‍ക്കുന്നത് ഉന്നത ഇടപെടല്‍ മൂലം തടയുകയായിരുന്നു. ഇക്കാരണത്താല്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ സഹീറിനു സാധിച്ചില്ല. സര്‍ക്കാര്‍ നേരിട്ട് നിയമിച്ച എം.ഡിയില്‍ നിന്നും സഹീറിനു കടുത്ത തൊഴില്‍ പീഡനവും ഏല്‍കേണ്ടി വന്നു. ഇതോടെ 20 വര്‍ഷം സര്‍വ്വീസ് ബാക്കി നില്‍കെ മാല്‍കോടെക്‌സില്‍ നിന്നും രാജിവെക്കുകയായിരുന്നു.
വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ഒരു നടപടിയുമുണ്ടായില്ല. പ്രാഥമിക അന്വേഷണം പോലും ഇതുവരെ തുടുങ്ങിയിട്ടില്ല. ഹൈകോടതിയില്‍ സഹീര്‍ നല്‍കിയ റിട്ട് ഹരജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേസ് അടുത്ത മാസം 14നു വീണ്ടും പരിഗണിക്കും. ബന്ധുനിയമന വിവാദത്തോട് യോഗ്യതയുള്ളവരാരും ഇല്ലെന്നും ഉണ്ടെങ്കില്‍ കൊണ്ടുവരൂവെന്നും മാധ്യമങ്ങളോട് ധാര്‍ഷ്ട്യത്തോടെ പ്രതികരിച്ച മന്ത്രി കെ.ടി ജലീല്‍ സഹീര്‍ കാലടിയെ തന്ത്രപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു.
ഇക്കാര്യത്തില്‍ അന്നു പരാതിപ്പെടാനോ പ്രതികരിക്കാനോ സഹീര്‍ കാലടി കൂട്ടാക്കിയിരുന്നില്ലെങ്കിലും മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും മാധ്യമങ്ങളും വിഷയം പുറത്തുകൊണ്ടുവന്നതോടെ പുകമറസൃഷ്ടിച്ച് തടിയൂരാനാണ് മന്ത്രി കെ.ടി ജലീല്‍ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്ന് കെ.ടി അദീബിനെ മാറ്റിയത്. ഇതിന് ശേഷമാണ് മാല്‍കോടെക്‌സില്‍ ജോലി ചെയ്ത സഹീര്‍ കാലടിയെ വേട്ടയാടാന്‍ തുടങ്ങിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: