തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ ഡയരക്ടറേറ്റില്‍ തന്റെ ബന്ധുവടക്കം 13 പേരെ ചട്ടങ്ങള്‍ മറികടന്ന് സ്ഥിരപ്പെടുത്താനുള്ള നീക്കവുമായി മന്ത്രി കെ.ടി ജലീല്‍. മന്ത്രിയുടെ നിര്‍ദേശപ്രകാരം ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയരക്ടര്‍ എ.ബി മൊയ്തീന്‍ കുട്ടിയാണ് ഇത് സംബന്ധിച്ച ഫയല്‍ പൊതുഭരണവകുപ്പിന് സമര്‍പ്പിച്ചത്. ഫയല്‍ തുടര്‍ നടപടികള്‍ക്കായി മന്ത്രി ഒപ്പിട്ട് നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ കൂടെ ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന ബന്ധുവടക്കമുള്ളവരെയാണ് സ്ഥിരപ്പെടുത്താന്‍ അനധികൃത നീക്കം നടക്കുന്നത്.
2018ല്‍ ഇവരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടത്തിയപ്പോള്‍ ധനവകുപ്പ് ഫയല്‍ മടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ധനവകുപ്പോ നിയമവകുപ്പോ അറിയാതെയാണ് ഇപ്പോള്‍ സ്ഥിരപ്പെടുത്താന്‍ നീക്കങ്ങള്‍ നടക്കുന്നത്. മന്ത്രി ജലീല്‍ നേരിട്ടാണ് ഇപ്പോള്‍ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുന്നത്.
യുഡിഎഫ് കാലത്ത് നിയമിച്ചവരെ പിരിച്ചുവിട്ടാണ് സിപിഎം പ്രവര്‍ത്തകരെയും മന്ത്രിയുടെ ബന്ധുക്കളെയും ന്യൂനപക്ഷ വകുപ്പില്‍ കുത്തിനിറച്ചത്. യോഗ്യതയില്ലാത്തവരെ മാനദണ്ഡങ്ങള്‍ മറികടന്ന് നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. ഇത് സംബന്ധിച്ച് വിജിലന്‍സില്‍ പരാതി പോവുകയും ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ അന്വേഷണം പിന്നീട് അട്ടിമറിക്കപ്പെട്ടു.
കോവിഡിന്റെ മറവില്‍ നടത്തുന്ന അനധികൃത സ്ഥിരപ്പെടുത്തലിന് ഐഎഎസ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് ശക്തമാണ്. വളരെ രഹസ്യമാക്കിയാണ് ഫയല്‍ നടപടികള്‍ നീക്കുന്നത്. ആദ്യം പേപ്പര്‍ ഫയലായി നീങ്ങിയെങ്കിലും പിന്നീട് സെക്രട്ടറിയുടെ നിര്‍ബന്ധപ്രകാരം ഇ-ഫയല്‍ ആക്കുകയായിരുന്നു. ഫയല്‍ രഹസ്യമാക്കി നീക്കാനായിരുന്നു ഇ-ഫയല്‍ ആക്കാതിരുന്നത്. അനധികൃതമായ സ്ഥിരപ്പെടുത്തലിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് വകുപ്പിലെ മറ്റുജീവനക്കാര്‍.