X
    Categories: CultureNewsViews

ബന്ധുനിയമനം: ഹൈക്കോടതി പറഞ്ഞതെന്ത്? യാഥാര്‍ത്ഥ്യം ഇതാണ്

കൊച്ചി: കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവദത്തില്‍ ഹൈക്കോടതി യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ രൂക്ഷമായി വിമര്‍ശിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ നടന്ന കാര്യങ്ങള്‍ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത് എന്നതാണ് യാഥാര്‍ത്ഥ്യം.

രാവിലെ 10.35ന് ജസ്റ്റിസ് കെ.ടി ഉബൈദിന്റെ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ സര്‍ക്കാറിന് വേണ്ടി സ്‌റ്റേറ്റ് അറ്റോര്‍ണിയും വിജിലന്‍സിന് വേണ്ടി സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറും ഹാജരായിരുന്നു. പി.കെ ഫിറോസിന് വേണ്ടി അഡ്വ. സജല്‍ ആണ് ഹാജരായത്.

കേസ് പരിഗണിച്ചപ്പോള്‍ തന്നെ ഹര്‍ജിക്കാരന്റെ പരാതി വിജിലന്‍സ് പരിശോധിച്ചതാണെന്നും പരാതിയില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്നും വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇത് തെറ്റാണെന്നും കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് കാണിച്ച് ഒമ്പത് പേജുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് കോടതി പരിശോധിക്കണമെന്നും ഫിറോസിന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.

അപ്പോള്‍ രാഷ്ട്രീയക്കാര്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും അഴിമതി നിരോധന നിയമം ബാധകമാവുമോ എന്ന് ഫിറോസിന്റെ അഭിഭാഷകനോട് ചോദിച്ചു. എല്ലാത്തിലും ബാധകമാവില്ലെങ്കിലും ഈ കേസില്‍ അതിന് കൃത്യമായ തെളിവുകളും രേഖകളും ഉണ്ടെന്നും അത് സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ടെന്നും അഡ്വ. സജല്‍ കോടതിയെ അറിയിച്ചു.

വിജിലന്‍സ് പരാതി തള്ളിയപ്പോള്‍ തന്നെ ഹൈക്കോടതിയിലേക്ക് വന്നത് എന്തിനാണെന്ന് കോടതി ഫിറോസിന്റെ അഭിഭാഷകനോട് ചോദിച്ചു. വിജിലന്‍സിന് പരാതി നല്‍കിയിട്ടും അതില്‍ യാതൊരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാറും വിജിലന്‍സും ഒത്തുകളിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് കോടതിയിലെത്തുകയും കോടതി ഇടപെടുകയും ചെയ്തതിന് ശേഷമാണ് സര്‍ക്കാര്‍ പരാതി പെട്ടന്ന് പരിഗണിക്കുകയും നടപടി എടുക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയും ചെയ്തത്.

പുതിയ അഴിമതി നിരോധന നിയമപ്രകാരം സര്‍ക്കാര്‍ അനുമതിയില്ലാതെ വിജിലന്‍സ് കോടതിയേയോ പൊലീസിനേയോ സമീപിക്കാനാവില്ല. അതുകൊണ്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിജിലന്‍സ് നടപടിക്കെതിരെ നീങ്ങുന്നതിന് സര്‍ക്കാറിന്റെ അനുമതി തേടി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അഡ്വ. സജല്‍ കോടതിയെ അറിയിച്ചു. വാദങ്ങള്‍ അംഗീകരിച്ച കോടതി സത്യവാങ്മൂലം പരിശോധിക്കുന്നതിനായി കേസ് പരിഗണിക്കുന്നത് ജൂലൈ 18 ലേക്ക് മാറ്റി.

ഹൈക്കോടതി പി.കെ ഫിറോസിനെ രൂക്ഷമായി വിമര്‍ശിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കോടതിയെ കുറിച്ച് ഇത്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കിയ പത്രങ്ങളുടെ കട്ടിംഗുകള്‍ അടക്കം കേസ് പരിഗണിക്കുന്ന 18-ാം തിയ്യതി കോടതിയെ അറിയിക്കുമെന്നും ഫിറോസിന് വേണ്ടി ഹാജരായ അഡ്വ. സജല്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: