തിരുവനന്തപുരം: കെ.ടി അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജറായി നിയമിച്ചത് കോര്‍പറേഷന്റെ ഡയരക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ തീരുമാനം മറികടന്ന്. കോര്‍പറഷനിലെ ജനറല്‍ മാനേജര്‍ക്ക് കാലാവധി നീട്ടി നല്‍കണമെന്നായിരുന്നു ഡയരക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ തീരുമാനം. എന്നാല്‍ ഈ ശിപാര്‍ശ പൂഴ്ത്തിയ മന്ത്രി ബന്ധുവനെ നിയമിക്കാന്‍ വേണ്ടി ഒഴിവുണ്ടാക്കുകയായിരുന്നു.
നിയമസഭയില്‍ മന്ത്രി തന്നെ ഇക്കാര്യം രേഖാമൂലം വ്യക്തമാക്കി. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജറായിരുന്ന ഫൈസല്‍ മുനീറിന് ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടിനല്‍കാന്‍ കോര്‍പറേഷന്‍ ഡയരക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് 2016 ജൂണില്‍ കാലാവധി നീട്ടിക്കൊണ്ട് പൊതുഭരണവകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ ഇത് മറച്ചുവെച്ച് മന്ത്രി ഫൈസല്‍ മുനീറിനെ മാതൃസ്ഥാപനമായ വനിതാ വികസന കോര്‍പറേഷനിലേക്ക് മടക്കി അയച്ച് ബന്ധുവിന് വേണ്ടി ഒഴിവ് സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു ചട്ടങ്ങളും നിയമങ്ങളും മറികടന്ന് സ്വകാര്യബാങ്ക് ജീവനക്കാരനായ മന്ത്രി ബന്ധുവിനെ നിയമിച്ചത്.
ജലീലിന്റെ ബന്ധുവായ അദീബിനെ നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി തന്നെ ചട്ടലംഘനം തുറന്ന് സമ്മതിച്ചിരിക്കുന്നത്.