തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടന്‍ മൊഴിയെടുത്തേക്കും. യുഎഇ കോണ്‍സുലേറ്റില്‍ നിന്നു വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ആനുകൂല്യങ്ങള്‍ പറ്റിയതില്‍ മതഗ്രന്ഥങ്ങളും റമസാന്‍ കിറ്റും വാങ്ങി വിതരണം ചെയ്തതാണ് വിവാദമായത്. എന്നാല്‍ നോട്ടിസ് ഇതുവരെ കയ്യില്‍ കിട്ടിയിട്ടില്ലെന്നും കിട്ടിയാല്‍ അന്വേഷണവുമായി സഹകരിക്കുമെന്നും ജലീല്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനിടെയാണ് ജലീല്‍ മതഗ്രന്ഥങ്ങളും റമസാന്‍ കിറ്റുകളും യുഎഇ കോണ്‍സുലേറ്റില്‍ നിന്നു വാങ്ങി വിതരണം ചെയ്തത്. നയതന്ത്രകാര്യാലയങ്ങളില്‍ നിന്ന് അനുമതിയില്ലാതെ ഉപഹാരങ്ങള്‍ സ്വീകരിക്കരുതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ചട്ടം. പ്രോട്ടോകോള്‍ ലംഘനം നടത്തിയ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളും വിദേശകാര്യ മന്ത്രാലത്തിനു ലഭിച്ചിരുന്നു. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന എന്‍ഐഎ, ഇഡി സംഘങ്ങള്‍ മതഗ്രന്ഥങ്ങള്‍ എത്തിച്ച നയതന്ത്രപാഴ്‌സലിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു.
മതഗ്രന്ഥങ്ങളെന്ന പേരില്‍ സ്വപ്‌ന സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്വര്‍ണം കടത്തിയിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. കസ്റ്റംസിന്റെ രേഖകള്‍ പ്രകാരം പാഴ്‌സലിന്റെ ഭാരവും മതഗ്രന്ഥങ്ങളുടെ ആകെ ഭാരവും ഒത്തുനോക്കുകയും ചെയ്തിരുന്നു. മതഗ്രന്ഥങ്ങള്‍ എടപ്പാളിലെത്തിക്കാന്‍ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സിആപ്റ്റിന്റെ വാഹനങ്ങള്‍ ഉപയോഗിച്ചതിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തി.
ഈ സാഹചര്യത്തിലാണ് ജലീലിന്റെ മൊഴിയെടുക്കാനുള്ള ഇ.ഡിയുടെ തീരുമാനം. തിങ്കളാഴ്ച മൊഴിയെടുക്കുമെന്നാണ് വിവരം. എന്നാല്‍ അന്വേഷണസംഘമെത്തിയാല്‍ സഹകരിക്കുമെന്നും ജലീല്‍ പറഞ്ഞു.