തിരുവനന്തപുരം: ചട്ടം ലംഘിക്കുമെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ വെല്ലുവിളി ഭരണഘടനാ ലംഘനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മന്ത്രിയുടെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാനുള്ളതല്ല ഭരണഘടന. ഭരണഘടന അനുശ്വാസിക്കുന്ന ചട്ടങ്ങളും നിയമങ്ങളും പാലിക്കാമെന്നും പക്ഷപാതം നടത്തില്ലെന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രിയുടെ പ്രസ്താവന രാജ്യത്തിന്റെ നിയമവ്യവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
മാര്‍ക്ക് ദാനത്തില്‍ തെളിവുസഹിതം പിടിക്കപ്പെട്ടപ്പോള്‍ പുകമറ സൃഷ്ടിക്കാനുള്ള മന്ത്രി ജലീലിന്റെ പാഴ്ശ്രമങ്ങളാണിതെല്ലാം. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി ജലീലിന് മന്ത്രിക്കസേരയില്‍ തുടാന്‍ യോഗ്യതയില്ല. തോറ്റ കുട്ടികള്‍ക്ക് മാര്‍ക്ക് ദാനം നല്‍കി അവരെ ജയിപ്പിക്കുവഴി വിദ്യാഭ്യാസ മേഖലയുടെ അന്തസ്സും നിലവാരവും തകര്‍ക്കുകയാണ് മന്ത്രി ചെയ്തതെന്നും മുല്ലപ്പള്ളി കൂട്ടിചേര്‍ത്തു.
മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ തുടക്കം മുതല്‍ മന്ത്രി വിശദീകരിക്കുന്ന കാര്യങ്ങളും മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന വസ്തുതകളും തമ്മില്‍ യാതൊരുപൊരുത്തവുമില്ല. ഇത് ചൂണ്ടികാണിച്ചപ്പോള്‍ മന്ത്രി വ്യക്തിഹത്യക്കാണ് തുനിഞ്ഞത്. നിരന്തരമായി സ്വജനപക്ഷപാതവും ക്രമവിരുദ്ധമായ നടപടികളും നടത്തുന്ന മന്ത്രിക്ക് ഒരു നിമിഷം അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു