തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ലോകായുക്ത. മാര്‍ച്ച് എട്ടിനകം മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. കേസില്‍ സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരാണ് ഹാജരായത്.
ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ കെ.ടി ജലീലിന്റെ അടുത്ത ബന്ധു കെ.ടി അദീബിനെ നിയമിച്ചതില്‍ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നാണ് ലോകായുക്ത ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നേരിട്ട് ഹാജരാകണമെന്ന് ലോകായുക്ത നിര്‍ദ്ദേശിച്ചിരുന്നു. ഇത് അനുസരിച്ചാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഇന്ന് നേരിട്ട് ഹാജരായത്. അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിവാരാവകാശപ്രകാരം രേഖകള്‍ പലരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ജലീലിനെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കി അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്തയുടെ നടപടി.