X

ജലീലിനും സര്‍ക്കാരിനുമെതിരെ നടക്കുന്ന പ്രതിപക്ഷ സമരം ഖുര്‍ആനെ അപഹസിക്കുന്നതെന്ന് കോടിയേരി

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനും എല്‍.ഡി.എഫിനും എതിരെയുള്ള പ്രതിപക്ഷ സമരം ഖുര്‍ആനെ അപഹസിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ നടക്കുന്നത് ഖുആര്‍ വിരുദ്ധ പ്രക്ഷോഭമാണെന്നും ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാന്‍ പാടില്ലെന്നതാണ് എല്‍.ഡി.എഫ് നിലപാടെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പരാമര്‍ശങ്ങള്‍. അവഹേളനം ഖുര്‍ആനോടോ? എന്ന തലക്കെട്ടിലാണ് ലേഖനം.

സര്‍ക്കാരിനെ ഇകഴ്ത്താന്‍വേണ്ടി പുണ്യഗ്രന്ഥമായി വിശ്വാസികള്‍ കരുതുന്ന ഖുര്‍ആനെപ്പോലും രാഷ്ട്രീയ കള്ളക്കളിക്കുള്ള ആയുധമാക്കുന്നു ചിലര്‍. യുഎഇ കോണ്‍സുലേറ്റില്‍നിന്ന് റമദാന്‍ കിറ്റും ഖുര്‍ആനും കോണ്‍സുലേറ്റ് ജനറലിന്റെ അഭ്യര്‍ഥനപ്രകാരം നാട്ടില്‍ കൊടുക്കാനായി വാങ്ങിയതിന് മന്ത്രി കെ ടി ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അക്രമസമര മത്സരത്തിലാണ് ബിജെപിയും കോണ്‍ഗ്രസും മുസ്ലിംലീഗും. അതിനുവേണ്ടി കോവിഡ് നിയന്ത്രണ വ്യവസ്ഥകള്‍പോലും കാറ്റില്‍ പറത്തുന്നു. മന്ത്രിയെ അപായപ്പെടുത്താന്‍വരെ അരാജക സമരക്കാര്‍ ശ്രമിച്ചു. അതിനുവേണ്ടി മന്ത്രിയുടെ വാഹനം വരുമ്പോള്‍ റോഡിന് നടുവില്‍ മറ്റൊരു വാഹനമിട്ട് വന്‍ അപകടമുണ്ടാക്കാന്‍ നോക്കി. ഇത്തരം മുറകള്‍ കവര്‍ച്ചസംഘക്കാര്‍മാത്രം ചെയ്യുന്നതാണ്. ഇത് ജനാധിപത്യ സമരമല്ല, സമരാഭാസമാണ്.

2020 മാര്‍ച്ച് 4ന് യുഎഇയില്‍നിന്ന് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് വിലാസത്തിലെത്തിയ ബാഗേജിലെ പായ്ക്കറ്റുകളാണ് മെയ് 27ന് കൈമാറിയത്. സി ആപ്റ്റിന്റെ വാഹനം മലപ്പുറത്തേക്ക് പോയപ്പോള്‍ അതില്‍ കയറ്റി എടപ്പാള്‍, ആലത്തിയൂര്‍ എന്നിവിടങ്ങളില്‍ എത്തിക്കുകയായിരുന്നു. വഖഫ് ബോര്‍ഡിന്റെ മന്ത്രിയെന്ന നിലയില്‍ യുഎഇ കോണ്‍സുലേറ്റിന്റെ റമദാന്‍കാല ആചാരത്തിന് അനുകൂലമായി പ്രവര്‍ത്തിച്ചതില്‍ എവിടെയാണ് ക്രിമിനല്‍ കുറ്റം. ഒരു കുറ്റവും ചെയ്യാതിരുന്നിട്ടും ജലീലിനെതിരെ സ്വര്‍ണക്കടത്ത് ആക്ഷേപവുമായി പ്രതിപക്ഷവും ചില മാധ്യമങ്ങളും ഇറങ്ങിയിരിക്കുന്നത് ഏറ്റവും നീചമായ പ്രവൃത്തിയാണ്. യു.ഡി.എഫ് കണ്‍വീനറും ബി.ജെ.പി നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജലീലിനെ കേന്ദ്ര ഏജന്‍സികള്‍ വിളിച്ചുവരുത്തി മൊഴി എടുത്തതെന്നും ലേഖനത്തില്‍ പറയുന്നു.

 

chandrika: