തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഖുര്‍ആനെ കൂട്ടുപിടിച്ച് കെ.ടി ജലീലിന്റെ ന്യായീകരണം. ‘വിശ്വാസപരമായ ഉപചാരങ്ങളൊന്നും വര്‍ത്തമാന ഇന്ത്യയില്‍ പാടില്ലെങ്കില്‍ അക്കാര്യം കേന്ദ്രസര്‍ക്കാര്‍ അറിയിക്കേണ്ടത് ബന്ധപ്പെട്ട രാജ്യങ്ങളെയാണ്. കോണ്‍സുലേറ്റ്, മസ്ജിദുകളില്‍ നല്‍കാന്‍ പറഞ്ഞ വിശുദ്ധ ഖുര്‍ആന്‍ കോപ്പികള്‍ ഭദ്രമായി മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളില്‍ ഇരിപ്പുണ്ട്. യുഎഇ കാലങ്ങളായി ആവശ്യക്കാര്‍ക്ക് സാംസ്‌കാരികാചാരത്തിന്റെ ഭാഗമായി നല്‍കി വരാറുള്ള വേദഗ്രന്ഥങ്ങള്‍, ഇവിടെ കൊടുക്കാന്‍ പാടില്ലെന്നാണ് അധികൃതരുടെ പക്ഷമെങ്കില്‍, വേദനയോടെയാണെങ്കിലും കസ്റ്റംസ് എടുത്തുകൊണ്ടുപോയ ഒരു കോപ്പിയൊഴികെ മറ്റെല്ലാ ഖുര്‍ആന്‍ കോപ്പികളും കോണ്‍സുലേറ്റിനെ തിരിച്ചേല്‍പ്പിക്കും’-ജലീല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
യുഎഇ കോണ്‍സുലേറ്റുമായി ചട്ടം ലംഘിച്ച് സാമ്പത്തിക ഇടപാട് നടത്തിയതിനാണ് ജലീലിനെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. അഞ്ച് വര്‍ഷം വരെ തടവും പിഴവും ലഭിക്കാവുന്ന കുറ്റത്തിലാണ് ജലീലിനെതിരെ അന്വേഷണം നടക്കുന്നത്. അഞ്ച് ലക്ഷം രൂപ വാങ്ങിയെന്ന് മന്ത്രി തന്നെ നേരത്തെ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ചട്ടം പാലിച്ച് സുതാര്യമായി ചെയ്യാവുന്ന കാര്യത്തില്‍ ചട്ടലംഘനം നടത്തി ഇടപാട് നടത്തിയ മന്ത്രിയുടെ നീക്കത്തില്‍ ദുരൂഹതയുണ്ടെന്നാണ് കേന്ദ്ര ഏജന്‍സികള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് ഖുര്‍ആന്‍ വികാരമുയര്‍ത്തി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ മന്ത്രി നീക്കം നടത്തുന്നത്.