‘വാട്ട്‌സാപ്പ് ഹര്‍ത്താലി’നെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ താനൂരിലുണ്ടായ അക്രമ സംഭവങ്ങളെ വര്‍ഗീയമായി ചിത്രീകരിച്ച മന്ത്രി കെ.ടി ജലീല്‍, വിമര്‍ശനങ്ങള്‍ ശക്തമായപ്പോള്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേര് ഉയര്‍ത്തിക്കാട്ടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍. താനൂരിലുണ്ടായ അക്രമ സംഭവങ്ങളില്‍ ഒരു മതവിഭാഗത്തില്‍പ്പെട്ട ആളുകളുടെ സ്ഥാപനങ്ങള്‍ക്കു മാത്രമാണ് നഷ്ടമുണ്ടായത് എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച് പണപ്പിരിവിനിറങ്ങിയ ജലീല്‍, മതഭേദമന്യേ നിരവധി കടകള്‍ തകര്‍ക്കപ്പെട്ടിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ പ്രതിരോധത്തിലായിരുന്നു. ഇതോടെയാണ്, 2007-ല്‍ അങ്ങാടിപ്പുറം തളി ക്ഷേത്രം ആക്രമിക്കപ്പെട്ടപ്പോള്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നടത്തിയ ഇടപെടലും തന്റെ പ്രവൃത്തിയും സമാനമാണെന്ന് സമര്‍ത്ഥിക്കാന്‍ ജലീല്‍ ശ്രമിക്കുന്നത്.
‘അന്ന് ശിഹാബ് തങ്ങള്‍ ചെയ്തു; ഇന്ന് ഞങ്ങള്‍ ചെയ്തു: രണ്ടിനും ഒരേലക്ഷ്യം’ എന്ന് തലക്കെട്ട് നല്‍കിയ ലേഖനത്തിലുടനീളം തന്റെ നേതൃത്വത്തില്‍ നന്ന വര്‍ഗീയ ധ്രുവീകരണത്തെ ശിഹാബ് തങ്ങളുടെ പ്രവൃത്തിയുമായി സമീകരിക്കാനാണ് ജലീല്‍ ശ്രമിക്കുന്നത്. ഇതിനായി, ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നതിന്റെ ചിത്രവും ദുരുപയോഗം ചെയ്യുന്നുണ്ട്.
തളി ക്ഷേത്രത്തിനു നേരെ അജ്ഞാതര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് രൂപപ്പെടാമായിരുന്ന സംഘര്‍ഷം നേര്‍പ്പിക്കാന്‍ ശിഹാബ് തങ്ങള്‍ നടത്തിയ സമയോചിത ഇടപെടല്‍ ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു. താനൂരില്‍ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് ജലീല്‍ നടത്തിയതാകട്ടെ ഒരു മതവിഭാഗത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനുള്ള നീക്കമായിരുന്നു. ഹര്‍ത്താലിന്റെ മറവില്‍ അക്രമികള്‍ അഴിഞ്ഞാടുന്നതു തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍, പ്രദേശത്തെ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് ഭൂരിപക്ഷ വിഭാഗത്തിന്റെ ഉത്തരവാദിത്തമാണ് എന്നാണ് മന്ത്രി ജലീല്‍ പ്രതികരിച്ചത്.
ജലീലിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിനു കീഴില്‍ നിരവധി പേരാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. മതേതര മൂല്യങ്ങള്‍ക്ക് ഉദാഹരണമായ ശിഹാബ് തങ്ങളുടെ പ്രവൃത്തിയും മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള തന്റെ പ്രവൃത്തിയും ഒന്നാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള ജലീലിന്റെ പോസ്റ്റ് മന്ത്രിയുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടുന്നതാണെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു.