കൊച്ചി: ഒടുവില്‍ സ്വര്‍ണക്കടത്തു കേസിലെ അന്വേഷണം പിണറായി വിജയന്‍ സര്‍ക്കാരിന്റെ മന്ത്രിസഭയിലും എത്തിക്കഴിഞ്ഞു. മന്ത്രി കെടി ജലീലിനെ ഇന്ന് രാവിലെ മുതല്‍ ഉച്ച വരെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത് ഇടതു കേന്ദ്രത്തില്‍ ജലീലിനെതിരെയുള്ള അതൃപ്തി കൂടുതല്‍ വഷളാക്കി.
പ്രധാനമായും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശത്തു നിന്ന് മതഗ്രന്ഥവും റമസാന്‍ കിറ്റും കൊണ്ടുവന്നതു സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍. സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി സ്വപ്‌ന സുരേഷ് അടക്കം കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായുള്ള ബന്ധവും ചോദ്യം ചെയ്തിട്ടുണ്ട്. സ്വപ്‌നയുമായുള്ള ജലീലിന്റെ ബന്ധം, ഫോണ്‍വിളികള്‍ എന്നിവയിലടക്കം ജലീലിനോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നാണ് വിവരം. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മറ്റൊരാളുമായും ജലീലിന് ബന്ധമുണ്ടെന്ന വിവരം ഇഡിക്ക് ലഭിച്ചിരുന്നു. ഇതും ചോദിച്ചറിഞ്ഞിട്ടുണ്ട്.
നിര്‍ണയകമായ പല വിവരങ്ങളും ചോദ്യം ചെയ്യലില്‍ ലഭിച്ചതായാണ് വിവരം. രാവിലെ മുതല്‍ ഉച്ച വരെ വിവരങ്ങള്‍ ആരാഞ്ഞ ശേഷം ആവശ്യമായാല്‍ ഇനിയും വിളിച്ചുവരുത്തുമെന്ന് ഇഡി അധികൃതര്‍ ജലീലിനെ അറിയിച്ചു.
അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകന്‍ മന്ത്രി കെടി ജലീല്‍ ഇഡി ഓഫിസിലെത്തിയത് സ്വകാര്യ വാഹനത്തിലാണ്. ഔദ്യോഗികവാഹനം അരൂരിലെ വ്യവസായിയുടെ സ്ഥലത്ത് നിര്‍ത്തിയിട്ടു. അവിടെ നിന്ന് സ്വകാര്യവാഹനത്തില്‍ ഇഡി ഓഫിസിലേക്ക് പോകുകയായിരുന്നന്നാണ് വിവരം. ജലീലിനെ ചോദ്യംചെയ്ത വിവരം എന്‍ഫോഴ്‌സ്‌മെന്റ് മേധാവിയാണ് വെളിപ്പെടുത്തിയത്. ചോദ്യം ചെയ്ത ശേഷം ജലീലിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്.