തിരുവനന്തപുരം: മതഗ്രന്ഥങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് കെടി ജലീലിന് കുരുക്ക് മുറുകുന്നു. യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ മതഗ്രന്ഥങ്ങള്‍ക്ക് നികുതിയിളവ് നല്‍കിയത് ചട്ടലംഘനമാണെന്ന് കേന്ദ്രഏജന്‍സികള്‍ കണ്ടെത്തി. മന്ത്രി ഉള്‍പ്പെടെ ഇടപെട്ട് അത് വിതരണം ചെയ്തത് ന്യായീകരിക്കാനാകില്ലെന്നാണ് കേന്ദ്ര ഏജന്‍സികളുടെ നിലപാട്. കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും ഇന്റലിജന്‍സ് ബ്യൂറോയും കേന്ദ്ര ആഭ്യന്തര, വിദേശ മന്ത്രാലയങ്ങള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം ലഭിച്ചു.
യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ മതഗ്രന്ഥങ്ങള്‍ക്ക് നികുതിയിളവ് നല്‍കി വിട്ട സംഭവത്തില്‍ കസ്റ്റംസും വെട്ടിലായി. നാലുവര്‍ഷത്തിനിടെ കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന ബാഗേജ് വിശദാംശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസറില്‍നിന്ന് തേടിയിരുന്നു. രണ്ടുവര്‍ഷത്തിനിടെ സര്‍ക്കാര്‍ അറിവോടെ ബാഗേജ് എത്തിയിട്ടില്ലെന്ന പ്രോട്ടോകോള്‍ ഓഫിസറുടെ മറുപടി മന്ത്രി കെ.ടി. ജലീലിനെയടക്കം വെട്ടിലാക്കുന്നതാണ്. സര്‍ക്കാര്‍ അനുമതിയില്ലാതെ എത്തിച്ച പാഴ്‌സല്‍ സ്വീകരിച്ചത് ഗുരുതര ചട്ടലംഘനമാണ്. മതഗ്രന്ഥങ്ങള്‍ക്ക് നികുതിയിളവ് പാടില്ല. നയതന്ത്ര ബാഗേജുകളിലൂടെ ഇത്രയധികം മതഗ്രന്ഥങ്ങള്‍ കൊണ്ടുവരാനോ വിതരണം ചെയ്യാനോ പാടില്ലെന്നാണ് വ്യവസ്ഥയെന്ന് പ്രോട്ടോകോള്‍ ഓഫിസര്‍ ചൂണ്ടിക്കാട്ടുന്നു.
കസ്റ്റംസിനും ഗുരുതര പാളിച്ചയുണ്ടായെന്നാണ് വ്യക്തമാകുന്നത്. മാര്‍ച്ച് നാലിന് എത്തിയ മതഗ്രന്ഥങ്ങള്‍ക്ക് നികുതിയിളവ് നല്‍കിയതായി കസ്റ്റംസ് ബില്‍ വ്യക്തമാക്കുന്നു. വന്ന 250 പാക്കറ്റിന് 8,95,806 രൂപ വിലവരും. ഇതിന് 4479 കിലോ ഭാരമുള്ളതായും കാണാം.
ഇതിനുള്ള എല്ലാ നികുതിയും ഒഴിവാക്കിയിരുന്നു. പ്രോട്ടോകോള്‍ ഓഫിസറുടെ സര്‍ട്ടിഫിക്കറ്റില്ലാതെ നയതന്ത്ര ബാഗേജിന് നികുതിയിളവ് നല്‍കാനാകില്ല. ‘പരിശുദ്ധ ഖുര്‍ആന്‍’ എന്ന് രേഖപ്പെടുത്തിയ ബില്ലിന് നികുതിയിളവ് നല്‍കാന്‍ പ്രോട്ടോകോള്‍ ഓഫിസര്‍ക്ക് കത്തും നല്‍കാനാകില്ല.
കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന പാക്കേജ് വിതരണം ചെയ്തതിലും ദുരൂഹത വര്‍ധിക്കുകയാണ്. സി ആപ്റ്റ് വാഹനത്തില്‍ 35ല്‍ താഴെ പാക്കറ്റ് മലപ്പുറത്തെത്തിച്ചെന്നാണ് വിവരം. ബാക്കി എവിടെപ്പോയെന്നാണ് സംശയം. മന്ത്രി കെ.ടി. ജലീല്‍ കോണ്‍സുലേറ്റില്‍നിന്ന് പണം വാങ്ങി റമദാന്‍ കിറ്റും ഖുര്‍ആനുകളും വിതരണം ചെയ്തതും കേന്ദ്രം അന്വേഷിക്കുന്നുണ്ട്.