X
    Categories: CultureMoreNewsViews

ബന്ധുനിയമനം: വിശദീകരിച്ച് കുടുങ്ങി; കെ.ടി ജലീല്‍ പ്രതിരോധത്തില്‍

കോഴിക്കോട്: ബന്ധുനിയമനം സംബന്ധിച്ച യൂത്ത് ലീഗ് ആരോപണത്തെ ശരിവെക്കുന്ന രീതിയില്‍ വിശദീകരണം നല്‍കി കുടുങ്ങിയ മന്ത്രി കെ.ടി ജലീല്‍ പ്രതിരോധത്തില്‍. ജലീല്‍ തന്റെ പിതൃസഹോദരപുത്രനെ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്റെ തലപ്പത്ത് നിയമിച്ചത് മാനദണ്ഡങ്ങള്‍ മറികടന്നാണെന്നായിരുന്നു കഴിഞ്ഞ ദിവസം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇതിന് മറുപടി പറഞ്ഞുകൊണ്ട് കെ.ടി ജലീല്‍ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പാണ് ഇപ്പോള്‍ അദ്ദേഹത്തെ തിരിഞ്ഞു കുത്തുന്നത്.

ആകെ ലഭിച്ച ഏഴ് അപേക്ഷകരില്‍ മൂന്നുപേരാണ് അഭിമുഖത്തിന് വന്നത്. അവരില്‍ യോഗ്യതയുള്ളവരില്ലാത്തതിനാലാണ് തന്റെ ബന്ധുവിനെ നിര്‍ബന്ധിച്ച് ഡയരക്ടര്‍ പദവിയില്‍ നിയമിച്ചതെന്നുമാണ് ജലീല്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്ന് സര്‍ക്കാര്‍ ധനകാര്യ സ്ഥാപനത്തിലേക്ക് ഡെപ്യൂട്ടേഷന്‍ വഴി ഒരു വ്യക്തിയെ നിയമിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള സെപെഷ്യല്‍ റൂളോ മറ്റു നിയമങ്ങളോ ഇല്ലെന്നിരിക്കെയാണ് ഇങ്ങനെയൊരു നിയമനം നടന്നത്. മാത്രമല്ല ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് നിയമിതനാവണമെങ്കില്‍ എം.ബി.എ ബിരുദം നിര്‍ബന്ധമാണെന്നിരിക്കെ അത് മറികടന്നാണ് ബി.ടെക് യോഗ്യതയുള്ള ആളെ നിയമിച്ചതെന്നതും ജലീലിന് കുരുക്കാവുകയാണ്.

പിണറായി വിജയന്റെ വിശ്വസ്തനാണെങ്കിലും സി.പി.എമ്മിലെ ഒരു വിഭാഗത്തിന് കെ.ടി ജലീലിനോട് ശക്തമായ അമര്‍ഷമുണ്ട്. പ്രവര്‍ത്തനം പൊരാ എന്ന കാരണത്താല്‍ തദ്ദേശവകുപ്പ് അടുത്തിടെയാണ് ജലീലില്‍ നിന്ന് എടുത്തുമാറ്റിയത്. യൂത്ത് ലീഗ് ഉന്നയിച്ച ആരോപണത്തിന് തൃപ്തികരമായ വിശദീകരണം നല്‍കാനാവാത്ത സാഹചര്യത്തില്‍ കെ.ടി ജലീല്‍ രാജിവെക്കേണ്ടിവരുമെന്ന് തന്നെയാണ് സൂചന.

ചന്ദ്രിക വെബ് ഡെസ്‌ക്‌: