തിരുവനന്തപുരം: മുസ്‌ലിം ലീഗിനെതിരെ രാഷ്ട്രീയ കൊലപാതക ആരോപണമുന്നയിച്ച മന്ത്രി കെ.ടി ജലീലിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മുസ്‌ലിം ലീഗ് 44 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന ജലീലിന്റെ പരാമര്‍ശമാണ് യു.ഡി.എഫ് അംഗങ്ങളെ പ്രകോപിതരാക്കിയത്.
ഇന്നലെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയുടെ മറുപടി പ്രസംഗത്തിനിടെയാണ് ജലീല്‍ മുസ്‌ലിം ലീഗിനെതിരെ ആരോപണമുന്നയിച്ചത്. എന്‍. ഷുസുദ്ദീന്റെ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഒരു വീട്ടിലെ രണ്ട് സഹോദരന്മാരെ ലീഗുകാര്‍ കൊന്നു എന്ന ആരോപണത്തോടെയാണ് മന്ത്രി തുടങ്ങിയത്. ഉടന്‍തന്നെ ഷംസുദ്ദീന്‍ ഇടപെട്ടു. സഭയില്‍ ഇന്ന് ചര്‍ച്ച ചെയ്തതുമായി ബന്ധമില്ലാത്ത വിഷയം ഉയര്‍ത്തി പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള മന്ത്രിയുടെ നടപടി ശരിയല്ലെന്ന് ഷംസുദ്ദീന്‍ പറഞ്ഞു.
എന്നാല്‍ മന്ത്രി വീണ്ടും ചില പേരുകള്‍ ഉദ്ധരിച്ച് ഇതെല്ലാം ലീഗുകാര്‍ കൊന്നതാണെന്ന് ആവര്‍ത്തിച്ചു. ഇതോടെ ഷംസുദ്ദീന്‍, പി.കെ ബഷീര്‍, പി. ഉബൈദുല്ല, എം. ഉമ്മര്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, കെ.എസ് ശബരീനാഥന്‍ തുടങ്ങിയവര്‍ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. എന്നാല്‍ തന്റെ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും കൊല്ലപ്പെട്ടവരുടെ പേരുകള്‍ പൂര്‍ണമായി അവതരിപ്പിക്കാന്‍ തന്നെ അനുവദിക്കണമെന്നും ജലീല്‍ ചെയറിനോട് ആവശ്യപ്പെട്ടു. ഇതോടെ പ്രതിപക്ഷത്തെ മുഴുവന്‍ അംഗങ്ങളും പ്രതിഷേധ ശബ്ദവുമായി എഴുന്നേറ്റു. ഇതിനിടെ മുസ്‌ലിം ലീഗ് അംഗങ്ങള്‍ പോയിന്റ് ഓഫ് ഓര്‍ഡറിന് അനുമതി തേടിയെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. പ്രതിഷേധം കനത്തതോടെ മന്ത്രിക്ക് പ്രസംഗം തുടരാനാകാത്ത സാഹചര്യമുണ്ടായി. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണിതെന്നും 44 പേരെ മുസ്‌ലിം ലീഗുകാര്‍ കൊന്നു എന്ന പരാമര്‍ശം രേഖകളില്‍ ഉണ്ടാകരുതെന്നും എം. ഉമ്മര്‍ ആവശ്യപ്പെട്ടു. നാദാപുരത്തേത് അടക്കമുള്ള സംഘര്‍ഷങ്ങളില്‍ സി.പി.എമ്മിനെതിരെ തനിക്കൊപ്പം പ്രസംഗിച്ചു നടന്നയാളാണല്ലോ ജലീലെന്നും ഇപ്പോള്‍ മുസ്‌ലിം ലീഗിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിക്കുന്നത് എന്തിനാണെന്നും ഡോ.എം.കെ മുനീര്‍ ചോദിച്ചു. വളരെക്കാലം യൂത്ത് ലീഗിന്റെയും മുസ്‌ലിം ലീഗിന്റെയും നേതാവായിരുന്ന ജലീല്‍ 44ല്‍ എത്ര കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നായിരുന്നു വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യം. ആരോപണം സഭാ രേഖകളില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം പരിശോധിക്കാമെന്ന് സ്പീക്കര്‍ ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
ആരോപണം വസ്തുതാവിരുദ്ധം: ചെന്നിത്തല
തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകത്തിന്റെ ഉത്തരവാദിത്തം മുസ്‌ലിം ലീഗിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ച മന്ത്രി കെ.ടി ജലീലിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. 44 പേരെ മുസ്‌ലിം ലീഗ് കൊലപ്പെടുത്തിയെന്ന ജലീലിന്റെ ആരോപണത്തെ തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ചെന്നിത്തല മന്ത്രിക്ക് മറുപടി നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന അംഗീകാരമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. ഒരു പാര്‍ട്ടിക്കെതിരെ നിയമസഭയില്‍ ആരോപണമുന്നയിക്കുമ്പോള്‍ അതില്‍ വസ്തുതയുണ്ടായിരിക്കണം. എ.പി, ഇ.കെ സുന്നി സംഘടനാ വിഭാഗക്കാര്‍ തമ്മിലുണ്ടായ വഴക്കുകളുടെ ഭാഗമായി മരണങ്ങളുണ്ടായിട്ടുണ്ട്. ഇത് ലീഗിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നും സഭാ രേഖകളില്‍ നിന്ന് മന്ത്രിയുടെ പരാമര്‍ശം ഒഴിവാക്കണമെന്നും ചെന്നിത്തല പറഞ്ഞു.