കോഴിക്കോട്: വനിതകള്‍ പൊതുരംഗത്തിറങ്ങുന്നതിനെ കുറിച്ച് മതവിധി പറഞ്ഞതിന്റെ പേരില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്‍മാരെ അധിക്ഷേപിച്ച് മന്ത്രിമാര്‍ രംഗത്ത്. കെ.ടി ജലീലും എ.സി മൊയ്തീനുമാണ് സമസ്തക്കെതിരെ രംഗത്തെത്തിയത്. വനിതാ മതിലില്‍ മുസ്ലിം സ്ത്രീകള്‍ പങ്കെടുക്കരുതെന്ന് പറയാന്‍ സമസ്തക്ക് എന്താണ് അര്‍ഹതയെന്നാണ് ജലീലിന് അറിയേണ്ടത്. സമസ്തയുടെ നിലപാടിന് മുസ്ലിം സമുദായത്തില്‍ പുല്ലുവിലയാണെന്നും ജലീല്‍ പറഞ്ഞു.
വൈകീട്ട് വീണ്ടും ജലീല്‍ സമസ്തക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായെത്തി. സമസ്തയുടെ പണ്ഡിതന്‍മാര്‍ക്ക് മുസ്ലിം സ്ത്രീകള്‍ പുല്ലുവില കല്‍പിക്കുന്നില്ലെന്ന് ജലീല്‍ ആവര്‍ത്തിച്ചു. മുസ്ലിം സ്ത്രീകള്‍ ഒരു മതസംഘടനയുടേയും കക്ഷത്തല്ലെന്നും ജലീല്‍ പറഞ്ഞു.
നേരത്തെ മന്ത്രി എ.സി മൊയ്തീനും സമസ്തക്കെതിരെ രംഗത്ത് വന്നിരുന്നു. കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ കാര്യം തീരുമാനിക്കുന്നത് സമസ്തയല്ലെന്നാണ് എ.സി മൊയ്തീന്‍ പറഞ്ഞത്. സ്ത്രീകളെ അടിമയാക്കി വെക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നത് ഇസ്ലാമികമായി ശരിയല്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞിരുന്നു. ഇതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്. താന്‍ പറയുന്നത് മതവിധിയാണെന്നും അതിന് വനിതാ മതിലുമായി ബന്ധമില്ലെന്നും അദ്ദേഹം അപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നു.