X
    Categories: CultureNewsViews

അല്‍ഫോണ്‍സ് കണ്ണന്താനം ജ്യേഷ്ഠസഹോദരനെന്ന് കെ.ടി ജലീല്‍

കോഴിക്കോട്: എറണാകുളം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തെ കുറിച്ചുള്ള കെ.ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുന്നു. കണ്ണന്താനം കേന്ദ്രമന്ത്രിയായ സമയത്ത് അദ്ദേഹത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് ജലീല്‍ എഴുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്. കണ്ണന്താനം ജ്യേഷ്ഠസഹോദര തുല്യനാണെന്നും അദ്ദേഹം മതേതരവാദിയാണെന്നും ജലീല്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായതിൽ സന്തോഷമുണ്ട് . 2006 ലെ തെരഞ്ഞെടുപ്പിൽ ജയിച്ച് ആദ്യം നിയമസഭയിൽ എത്തിയപ്പോൾ അതേ സഭയിൽ അംഗമായി അൽഫോൻസുമുണ്ടായിരുന്നു . അദ്ദേഹം രചിച്ച “ഇന്ത്യ മാറ്റത്തിന്റെ ഇടിമുഴക്കം” എന്ന പുസ്തകം വർഷങ്ങൾക്ക് മുമ്പാണ് വായിച്ചതെങ്കിലും അതിന്റെ ആവേശം അപ്പോഴും വിട്ട് മാറിയിരുന്നില്ല .

പത്താം ക്ലാസ്സിൽ കേവലം 47% മാർക്ക് മാത്രം വാങ്ങിയ കുട്ടി സിവിൽ സർവീസ് പരീക്ഷയിൽ എട്ടാംറാങ്കുകാരനായി വിജയിച്ചതിന്റെ കഥ പറയുന്നതോടൊപ്പം പ്രസ്തുത ഗ്രന്ഥം , വായിക്കുന്നവർക്ക് നൽകുന്ന ആത്മവിശ്വാസം അളവറ്റതാണ് . ഭരണനിർവ്വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പലപ്പോഴും ഞാൻ സംശയ നിവാരണം വരുത്തിയിരുന്നത് കണ്ണന്താനവുമായി ആശയവിനിമയം നടത്തിയാണ് . എനിക്കദ്ദേഹം ജേഷ്ഠ സഹോദര തുല്ല്യനാണ് അന്നും ഇന്നും . ഒരിക്കൽ അദ്ദേഹം വീട്ടിൽ വന്നപ്പോൾ പ്ലസ് ടു വിന് പഠിക്കുകയായിരുന്ന മകൾ അസ്മയോട് പറഞ്ഞത് ഉപരിപoനത്തിന് അമേരിക്കയിൽ പോകണമെന്നാണ് . കണ്ട് മുട്ടുന്നവരെ പ്രത്യേകിച്ച് കുട്ടികളെ മോട്ടിവേറ്റ് ചെയ്യാൻ അദ്ദേഹം തന്നെത്തന്നെയാണ് ഉദാഹരിച്ചിരുന്നത് .

തമാശകൾ പറഞ്ഞും പൊട്ടിച്ചിരിച്ചുമുള്ള അൽഫോൻസിന്റെ സംസാര ശൈലി ആരിലും മതിപ്പുളവാക്കാൻ പോന്നതാണ് . മതേതര മനസ്സുള്ള അദ്ദേഹം എങ്ങിനെ ബിജെപി യിൽ ചെന്ന്പെട്ടുവെന്ന് പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട് . ഒരുമിച്ചായിരുന്നപ്പോഴും എതിർപക്ഷത്തായപ്പോഴും സൗഹൃദം കാത്ത് സൂക്ഷിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു . ഞാൻ മന്ത്രിയാകുമെന്ന വാർത്ത വന്നപ്പോൾ വിളിച്ച് അഭിനന്ദിച്ചവരുടെ കൂട്ടത്തിൽ അദ്ദേഹവുമുണ്ടായിരുന്നു.

കണ്ണന്താനത്തിന് ഒരിക്കലും ഒരു മതാന്ധകനോ വർഗ്ഗീയവാദിയോ ആകാൻ കഴിയില്ലെന്നാണ് എന്റെ ഉറച്ച വിശ്വാസം . അദ്ദേഹത്തിന്റെ സ്ഥാനലബ്ധി കേരളത്തിന് ഗുണം ചെയ്യുമെന്ന് എനിക്കുറപ്പുണ്ട് . ടൂറിസം ഐ.ടി മേഖലകകളിൽ നല്ല ഇടപെടലുകൾ നടത്തി സംസ്ഥാനത്തിന് 
കഴിയുന്നതെല്ലാം ചെയ്യാൻ അൽഫോൻസ് ശ്രമിക്കുമെന്ന് നമുക്കാശിക്കാം . സഹോദര സ്ഥാനീയനായ കണ്ണന്താനത്തിന് എല്ലാ വിജയങ്ങളും നേരുന്നു .

ചന്ദ്രിക വെബ് ഡെസ്‌ക്‌: