X
    Categories: MoreViews

മദ്യശാലകള്‍ക്ക് അനുമതി: ബില്‍ പാസാക്കുമ്പോഴും മന്ത്രി ജലീല്‍ മുങ്ങി

തിരുവനന്തപുരം: മദ്യശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം എടുത്തുകളയുന്ന കേരള പഞ്ചായത്തീരാജ്, മുന്‍സിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ നിയമസഭയില്‍ പാസാക്കുമ്പോഴും മന്ത്രി ജലീല്‍ സഭയിലെത്തിയില്ല. മന്ത്രിയുടെ അഭാവത്തില്‍ പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലനാണ് ബില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ഒമ്പതിന് ഭേദഗതി ബില്‍ അവതരിപ്പിക്കുമ്പോഴും മന്ത്രി ഉണ്ടായിരുന്നില്ല. അന്നും ബാലനാണ് ബില്‍ അവതരിപ്പിച്ചതും ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞതും. ബില്ലുകളും അവതരിപ്പിക്കേണ്ടിയിരുന്നത് അതത് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിമാരാണ്. തദ്ദേശവകുപ്പ് തയാറാക്കിയ രണ്ട് ബില്ലുകളും അവതരിപ്പിക്കേണ്ടിയിരുന്നത് കെ.ടി ജലീലായിരുന്നു.
മദ്യലഭ്യത കൂട്ടാനുള്ള വിവാദബില്‍ അവതരിപ്പിച്ചാലുണ്ടാകുന്ന എതിര്‍പ്പ് കണക്കിലെടുത്ത് മന്ത്രി വിട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് സൂചന. ഭേദഗതി ബില്ലിന്റെ അവതരണവേളയില്‍ ജലീലിന്റെ അസാന്നിധ്യം പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. റൂള്‍ 78 പ്രകാരം വകുപ്പുമന്ത്രിയല്ലാതെ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നത് ചട്ടപ്രകാരമല്ലെന്നാണ് വ്യവസ്ഥ. ഇക്കാര്യം പ്രതിപക്ഷം ചൂണ്ടിക്കാട്ടിയെങ്കിലും ചട്ടം രണ്ടിലെ നിര്‍വചനത്തില്‍ ബില്‍ അവതരണത്തിന് ഏതെങ്കിലും മന്ത്രി മതിയെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി എ.കെ ബാലന് സ്പീക്കര്‍ ഇന്ന്അനുമതി നല്‍കുകയായിരുന്നു. മകളുടെ മെഡിക്കല്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് ആന്‍ഡമാന്‍ നിക്കോബാറില്‍ പോയതിനാലാണ് മന്ത്രി ഒമ്പതിന് എത്താത്തതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

chandrika: