X

കെ.ടി ബസാര്‍ അപകടം; മരിച്ച മൂന്ന് പേരേയും തിരിച്ചറിഞ്ഞു

മൂന്ന് ബൈക്ക് യാത്രികരുടെ മരണത്തിനു കാരണമായ അപകടം നടന്ന സ്ഥലം

വടകര : ശനിയാഴ്ച രാത്രി കൈനാട്ടി  മുട്ടുങ്ങില്‍ കെ.എസ്.ഇ.ബി ഓഫീസിനും കെ.ടി ബസാറിനും ഇടയിലുണ്ടായ അപകടം നാടിന് നടുക്കമായി. രാത്രി പത്തേ കാലോടെയുണ്ടായ അപകടത്തില്‍ സുഹൃത്തുക്കളായ മൂന്ന് പേരാണ് മരിച്ചത്. കൊയിലാണ്ടി മുത്താമ്പി കുറ്റിയാടി നിലംകുനി ശ്രീജിത്ത്, കൊയിലാണ്ടി വലിയ കുറ്റി നിലത്തിൽ അനന്ദു, പന്തലായനി നെല്ലിക്കോട്ടു കുന്നുമ്മല്‍ സാബിര്‍ ഷാന്‍ എന്നിവരാണ് ശനിയാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചത്.

നാദാപുരം റോഡിലെ കല്യാണ വീട്ടില്‍ നിന്ന് തിരികെ കൊയിലാണ്ടിക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. മുട്ടുങ്ങല്‍ കെ.എസ്.ഇ.ബി ഓഫീസിന് സമീപമായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കെ.എസ്.ആര്‍.ടി.സി ബസിലിടിക്കുകയായിരുന്നു. ശക്തമായ ഇടിയില്‍ ബൈക്കിലുണ്ടായിരുന്നവര്‍ തെറിച്ചു പോയി. മരിച്ച മുന്നു പേരുടെയും തലക്ക് മാരകമായ പരിക്കാണ് ഏറ്റത്. ശക്തമായ ഇടിയുടെ ആഘാതത്തില്‍ ശരീര മൂന്ന് പേരുടെയും ഭാഗങ്ങള്‍ ചിതറിയ നിലയിലായിരുന്നു. ശ്രീജിത്തും അനന്ദുവും സംഭവ സ്ഥലത്തും സാബിര്‍ ഷാന്‍ വടകരയിലെ സ്വകാര്യ ആസ്പത്രിയിലുമാണ് മരിച്ചത്.

അതേസമയം മണിക്കൂറുകളെടുത്താണ് അപകടത്തില്‍ മരണപ്പെട്ടത് ആരാണെന്ന് തിരിച്ചറിഞ്ഞത്. അപകടത്തില്‍ മൂന്ന് പേരുടെയും മൊബൈല്‍ ഫോണുകള്‍ തെറിച്ച് പോയതിനാല്‍ ഫോണ്‍ ഉപയോഗിച്ച് ആളെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. നന്തി പ്രദേശത്തുകാരാണ് മരണപ്പെട്ടതെന്നായിരുന്നു ആദ്യം വാര്ത്ത പ്രചരിക്കപ്പെട്ടത്. അതേസമയം ബൈക്കിന്റെ ആര്‍.സി അഡ്രസാണ് മരണപ്പെട്ടവരെ തിരിച്ചറിയാന്‍ സാധിച്ചത്. മരണപ്പെട്ട ശ്രീജിത്ത പേരിലായിരുന്നു ബൈക്ക് രജിസ്റ്റര്‍ ചെയ്തത്.

മൃതദേഹങ്ങള്‍ വടകര ജില്ലാ ഗവണ്‍മെന്റ് ആസ്പത്രിയില്‍ കൊണ്ടു വന്നപ്പോഴും മരിച്ചത് ആരാണ് എന്നതിനെ കുറിച്ച് വലിയ തോതിലുള്ള അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു.  രാത്രി വൈകി ശ്രീജിത്ത് എന്നയാള്‍ മരിച്ചുവെന്ന വിവരം ലഭിച്ചെങ്കിലും ബാക്കിയുള്ളവര്‍ ആര് എന്നതിനെ കുറിച്ചും അവ്യക്തത നിലനിന്നു.

മുട്ടുങ്ങല്‍ കെ.എസ്.ഇ.ബി ഓഫീസ്-കെ.ടി ബസാര്‍ പരിസരം സ്ഥിരം അപകട മേഖലയാണ്. ഏതാനും ദിവസം മുമ്പ് കാല്‍നട യാത്രക്കാരന്‍ വാഹനമിടിച്ചു മരിച്ചിരുന്നു. മുമ്പ് പല തവണ ഇവിടെ അപകടങ്ങള്‍ ഉണ്ടായിരുന്നു.

 

chandrika: