സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിയമിച്ചത് സുപ്രീംകോടതി വിധി ലംഘിച്ച്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഹാജരാക്കിയ രേഖകളില്‍ നിന്നാണ് ഇത് വ്യക്തമാകുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്റ്റാറ്റിയൂട്ടറി പദവിയുള്ള സ്ഥാപനമായതിനാല്‍ അദീബിന്റെ ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ തെറ്റില്ലെന്നും അതിന് മന്ത്രിക്ക് വിവേചനാധികാരമുണ്ടെന്നുമുള്ള മന്ത്രി ജലീലിന്റെ വാദവും ഇതോടെ പൊളിഞ്ഞു.
2003ല്‍ ഫെഡറല്‍ ബാങ്കും സാഗര്‍ തോമസും തമ്മിലുള്ള കേസില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉള്‍പ്പെടെയുള്ള ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളല്ലെന്നും ചട്ടം 19 ന്റെ പരിധിയില്‍ ഇവ വരില്ലെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന തികച്ചും സ്വകാര്യവ്യക്തികള്‍ക്ക് മാത്രം ഓഹരിപങ്കാളിത്തമുള്ള ഒരു സ്ഥാപനത്തിന് സ്റ്റാറ്റിയൂട്ടറി പദവി ലഭിക്കില്ല. ഈ സാഹചര്യത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ഉദ്യോഗസ്ഥനായ അദീബിനു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിയമനം നല്‍കിയതു നിയമാനുസൃതമല്ലെന്നും സുപ്രിം കോടതി വിധി മറികടന്നാണെന്നും തെളിഞ്ഞിരിക്കുകയാണ്. ഇത് സ്റ്റാറ്റിയൂട്ടറി സ്ഥാപനമാണെന്ന് തെളിയിക്കാന്‍ മന്ത്രിക്ക് ഇതേവരെ കഴിഞ്ഞിട്ടുമില്ല.
നിയമംലംഘിച്ച് അദീപിന് നിയമനം നല്‍കിയതിനുള്ള മറ്റു തെളിവുകളും ഫിറോസ് ഹാജരാക്കി. ബാങ്കില്‍ നിന്നുള്ള എന്‍.ഒ.സി നല്‍കുന്നതിന് മുമ്പാണ് കെ.ടി.അദീബിന് കോര്‍പറേഷന്‍ നിയമന ശുപാര്‍ശ നല്‍കിയത്.പിന്നീട് അലവന്‍സ് ചോദിക്കാതിരിക്കാനെന്ന പേരില്‍ അദീബില്‍ നിന്നും അപേക്ഷയും വാങ്ങിയിരുന്നു. മന്ത്രിക്ക് ബന്ധുവിനെപ്പോലും വിശ്വാസമില്ലെന്നതിന്റെ തെളിവാണിതെന്നും 600 കോടിയോളം ആസ്തിയുള്ള സ്ഥാപനത്തിന്റെ ജനറല്‍ മാനേജരായി ഇത്തരത്തില്‍ വിശ്വാസമില്ലാത്തെ ആളുകളെയാണോ നിയമിക്കുന്നതെന്നും പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. അദീപ് കോര്‍പറേഷനില്‍ നിന്നും ഒരു രൂപ പോലും നേടിയിട്ടില്ലെന്ന വാദവും കളവാണ്. നിയമനം ലഭിച്ച് ഇതിനകം തന്നെ 56,000 രൂപ അദ്ദേഹം കൈപ്പറ്റി. നിയമനത്തിനുള്ള യോഗ്യതയില്‍ കോര്‍പറേഷന്‍ ബി.ടെക്കിന് ഒപ്പം പി. ജി. ഡി.ബി.എയും കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയതിലും അപാകതയുണ്ട്. സര്‍ക്കാര്‍ ഇത് ഭേദഗതി ചെയ്ത് ഇറക്കിയ ഉത്തരവ് ലഭിക്കുന്നതിന് മുമ്പ് തന്നെ കോര്‍പറേഷന്‍ വിജ്ഞാപനം ക്ഷണിച്ചു. മന്ത്രി ഇവിടെയും നേരിട്ട് ഇടപെട്ടു എന്നതിന് ഇത് തെളിവാണ്.
മാത്രമല്ല അദീപ് ഹാജരാക്കിയ പി. ജി. ഡി.ബി.എ യോഗ്യതക്ക് കേരളത്തിലൊരിടത്തും അംഗീകാരമില്ല. മതിയായ യോഗ്യതയും തുല്യതാ സര്‍ട്ടിഫിക്കറ്റും ഇല്ല എന്ന പേരിലാണ് തസ്തികയിലേക്ക് അപേക്ഷിച്ച മറ്റുള്ളവരെ ഒഴിവാക്കിയത്. ഫലത്തില്‍ തുല്യതാസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്ത അദീപിനെ യോഗ്യതയില്ലാതെയാണ് നിയമിച്ചത്. യോഗ്യതയില്ല എന്ന് മന്ത്രി പറഞ്ഞ പി.മോഹനന്‍ എന്ന അപേക്ഷകന് വേണ്ട യോഗ്യതയുണ്ടെന്ന് നിയമസഭയില്‍ മുമ്പ് ഒരു ചോദ്യത്തിന് ഉത്തരം നല്‍കിയിരുന്നു. ഇപ്പോള്‍ മന്ത്രി പറഞ്ഞതാണ് ശരിയെങ്കില്‍ അന്ന് മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അപേക്ഷകരില്‍ മറ്റുള്ളവര്‍ അദീപിന്റെ നിയമനത്തില്‍ പരാതി നല്‍കാതിരിക്കാന്‍ ഇതേ സ്ഥാപനത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയിലും മറ്റും സമാശ്വാസനിയമനം നല്‍കിയതായും ഫിറോസ് ആരോപിച്ചു.