X

സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കേരളവര്‍മ്മ കോളേജിലെ ജനാധിപത്യ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുന്ന മന്ത്രി ആര്‍ ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെ.എസ്.യു പ്രതിഷേധം. മന്ത്രിയുടെ വസതിയിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് തടഞ്ഞതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

മന്ത്രിയുടെ വഴുതക്കാട്ടെ വസതിക്ക് മുന്നില്‍ നിന്ന് ആരംഭിച്ച സംഘര്‍ഷം തലസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലേയ്ക്കും വ്യാപിക്കുകയായിരുന്നു. പൊലീസുമായുള്ള സംഘര്‍ഷത്തില്‍ ഒരു വനിതാ പ്രവര്‍ത്തക ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചതായും ആക്ഷേപമുണ്ട്.

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിഷയത്തിന്റെ ഗൗരവം മുന്നില്‍കണ്ട് പ്രതിഷേധ മാര്‍ച്ചുകള്‍, പ്രകടനങ്ങള്‍ തുടങ്ങിയവ നടത്താനും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആഹ്വാനം ചെയ്തു.

 

webdesk13: