സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെയും അക്കാദമിക മേഖലയിലെ തട്ടിപ്പുകള്‍ക്കെതിരെയും കെ.എസ്.യു ജില്ലാ കമ്മിറ്റി നടത്തിയ ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചിനു നേരെ പൊലീസ് അതിക്രമം. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉള്‍പ്പെടെ എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റു. പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ലാത്തിചാര്‍ജ്ജ് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അഭിജിത്തിന് തലക്ക് പരിക്കേറ്റത്. അഭിജിത്തിനെ പൊലീസ് ജീപ്പില്‍ തന്നെ ബീച്ച് ആസ്പത്രിയില്‍ എത്തിച്ചു.
ജില്ലാ പ്രസിഡന്റ് വി.ടി നിഹാല്‍, വൈസ് പ്രസിഡന്റ് വി.ടി സൂരജ്, ഭാരവാഹികളായ ഷാദിഷെബീബ്, ജെറില്‍ബോസ്, സുധിന്‍ സുരേഷ്, ഷഹബാസ്, സാവേദ് ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കാണ് ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റത്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കുക, നീലേശ്വരം സ്‌ക്കൂളിലെ പൊതു പരീക്ഷ അട്ടിമറിച്ച അധ്യാപകരെ പുറത്താക്കുക, ജില്ലയില്‍ എസ്.എസ്.എല്‍.സി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡി.സി.സിയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ഡി.ഡി.ഇ ഓഫീസ്സിന് മുന്നില്‍ പൊലീസ് തടഞ്ഞു.
സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയുടെ മരണവാറണ്ടാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന് അഭിജിത്ത് പറഞ്ഞു. വിദ്യാഭ്യാസ മേഖലയെ അധപതനത്തിലേക്ക് തള്ളിവിടുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ല. അധ്യാപകരോടും ബന്ധപ്പെട്ടവരോടും ചര്‍ച്ച നടത്താതെ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി നടപ്പാക്കുന്ന റിപ്പോര്‍ട്ടിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ബലിയാടാക്കാന്‍ അനുവദിക്കില്ലെന്നും 19ന് നിയമസഭ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരം നടത്തുമെന്നും അഭിജിത്ത് പറഞ്ഞു.
ഉദ്ഘാടനത്തിന് ശേഷം ബാരിക്കേഡ് തകര്‍ത്ത് ഡി.ഡി.ഇ ഓഫീസ്സിനകത്തേക്ക് പ്രവേശിക്കാനുള്ള ഏതാനും വിദ്യാര്‍ത്ഥികളുടെ ശ്രമത്തിനിടെ പൊാലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് റോഡ് ഉപരോധിച്ച് മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തുകയായിരുന്നു. പ്രവര്‍ത്തകരെ റോഡില്‍ വലിച്ചിഴിച്ചും വളഞ്ഞിട്ടും ക്രൂരമായി മര്‍ദ്ദിച്ചു.
റോഡ് ഉപരോധിച്ച വി.ടി നിഹാല്‍, ജെറില്‍ ബോസ്, സുധിന്‍ സുരേഷ്, ബുഷര്‍ജംഹര്‍, രാഗിന്‍, രാഹുല്‍, ജിസ്‌മോന്‍, ഉബൈദ്, അഭിനവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ പരുക്കേറ്റ് ബീച്ച് ആസ്പത്രിയില്‍ ചികിത്സ തേടിയ കെ.എസ്.യു പ്രവര്‍ത്തകരെ കെ.പി. സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്ദര്‍ശിച്ചു.
- 6 years ago
chandrika
Categories:
Video Stories
കോഴിക്കോട് കെ.എസ്.യു ഡി.ഡി ഓഫീസ് മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം
Tags: ksu