തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി നവീകരണത്തിന്റെ ഭാഗമായി ജീവനക്കാരെ കുറക്കുന്നു. ഗതാഗത മന്ത്രി തോമസ് ചാണ്ടി നിയമസഭയിലാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ദേശീയ ശരാശരിയുമായി തട്ടിച്ചു നോക്കുമ്പോള്‍ കേരളത്തില്‍ ജീവനക്കാര്‍ കൂടുതലാണെന്നും ഇത് കുറക്കാന്‍ നടപടി എടുക്കുമെന്നും അദ്ദേഹം ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി.
കേരളത്തില്‍ ഒരു ബസിനു 9.4 ജീവനക്കാരാണുള്ളത്. ദേശീയ ശരാശരിയാകട്ടെ ബസ് ഒന്നിനു 5.4 ആണ്. ദേശീയ അനുപാതം വിലയിരുത്തുമ്പോള്‍ കണ്ടക്ടര്‍ന്മാരുടെയും ഡ്രൈവര്‍ന്മാരുടെയും എണ്ണം അധികമാണ്. നാലായിരത്തോളം ഡബിള്‍ ഡ്യൂട്ടി സിംഗിള്‍ ഡ്യൂട്ടിയായി പുനക്രമീകരിക്കുമ്പോള്‍ വീണ്ടും ഈ തസ്തികയിലെ ജീവനക്കരുടെ എണ്ണം കൂടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.എസ്.ആര്‍.ടി.സി നവീകരണവുമായി ബന്ധപ്പെട്ട് നിയോഗിച്ച സുശീല്‍ ഖന്നയുടെ പ്രാഥമിക റിപ്പോര്‍ട്ടു ലഭിച്ചിട്ടുണ്ടെന്നും തൊഴിലാളികളുമായി കൂടിയാലോചിച്ചു മാത്രമേ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുവെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കും. 2018 ജനുവരി മുതല്‍ ഒന്നാം തീയതി തന്നെ പെന്‍ഷനും ശമ്പളവും വിതരണം ചെയ്യും.
1000 പുതിയ സി.എന്‍.ജി ബസുകള്‍ ഇറക്കുന്നതിനു 300 കോടി രൂപ (ആദ്യ വര്‍ഷം 50 കോടി) പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്നു വായ്പയായി ലഭ്യമാക്കുന്നതിനു ഭരണാനുമതിയായി. കെ.എസ്ആര്‍.ടി.സിയുടെ അധീനതയിലുള്ള ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങള്‍ വികസന പദ്ധതികള്‍ക്കായി നടപ്പാക്കും.
ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നു 1300 കോടി രൂപ വായ്പ എടുത്തതിന്റെ പ്രതിദിന അടവു 53 ലക്ഷം രൂപയാണ്. അതേസമയം കെ.ടി.ഡി.എഫ്.സിയില്‍ നിന്നെടുത്ത 1650 കോടി രൂപക്കു പ്രതിദിനം 2.61 കോടിയാണ് അടയ്ക്കേണ്ടി വരുന്നത്. ഇത് 61 ലക്ഷമായി കുറയ്ക്കുന്നതിനു ധനകാര്യ വകുപ്പില്‍ ഇടപ്പെട്ടു നടപടി സ്വീകരിക്കും. പലിശ കുറയുന്നതോടെ ശബളത്തിനായി നിലവിലെ കടമെടുക്കലിനു അയവുവരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഉത്തര മലബാറില്‍ നിന്നു ഹൈദരാബാദ്, മുംബൈ, ഗോവ എന്നിവിടങ്ങളിലേക്കു ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കുന്നതിനു നടപടി സ്വീകരിക്കും. കൊല്ലം ഡിപ്പോയില്‍ നിന്നു ബംഗളൂരു, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും പരിഗണനയിലാണ്. കെ.എസ്.ആര്‍.ടി.സിയുടെ കോഴിക്കോട്, അങ്കമാലി, തിരുവല്ല, തമ്പാനൂര്‍ എന്നിവിടങ്ങളിലെ കോംപ്ലക്സുകള്‍ പ്രയോജനപ്പെടുത്തുന്നതിനു ആറുമാസത്തിനകം നടപടിയുണ്ടാകും.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്കു കെ.എസ്.ആര്‍.ടി.സിയില്‍ 1163 പേര്‍ക്ക് പി.എസ്.സി വഴി നിയമനം നല്‍കിയിട്ടുണ്ട്. പത്തു വര്‍ഷത്തിലധികം താല്‍ക്കാലികമായിയ സര്‍വീസ് ചെയ്തു വരുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു പരിഗണനയിലില്ലെന്നും ടി.എ അഹമ്മദ് കബീര്‍, സി.കൃഷ്ണന്‍, പ്രഫ.കെ.യു.അരുണന്‍, കെ.ജെ.മാക്സി, എം.മുകേഷ് തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി.