ആലുവ മഹാശിവരാത്രി ശനിയാഴ്ച. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ശിവരാത്രി ആഘോഷങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പെരിയാര്‍ തീരത്തെ മനോഹരമായ ആലുവ മണപ്പുറത്തെ ശിവരാത്രി ബലിതര്‍പ്പണവും ആഘോഷങ്ങളുമാണ് പ്രധാനം. പൂര്‍വികര്‍ക്ക് ബലിതര്‍പ്പണം നടത്തുന്നതിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഭക്തര്‍ ആലുവ മണപ്പുറത്തെത്തി പൂര്‍വികര്‍ക്ക് ബലിയര്‍പ്പിച്ച് മടങ്ങും.
കോവിഡ് മൂലമുള്ള നിയന്ത്രണങ്ങള്‍ മാറി രണ്ട് വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് മുന്‍പ് നടന്നിരുന്നതുപോലെ വിപുലമായ ശിവരാത്രി ആഘോഷം നടക്കുന്നത്. അതിനാല്‍ ബലിതര്‍പ്പണത്തിനായി കൂടുതല്‍ ആളുകളെത്തുമെന്നാണ് കണക്കാക്കുന്നത്. വിവിധ ഭാഗങ്ങളില്‍നിന്ന് ആലുവ മണപ്പുറത്തേക്ക് കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക സര്‍വിസുകള്‍ ഉണ്ട്. അത് മുന്നില്‍കണ്ടുള്ള ഒരുക്കമാണ് ദേവസ്വം ബോര്‍ഡ്, ആലുവ നഗരസഭ, റൂറല്‍ ജില്ല പൊലീസ്, വിവിധ വകുപ്പുകള്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയിട്ടുള്ളത്. നൂറിലധികം ബലിത്തറകളാണ് തയാറാക്കിയിട്ടുള്ളത്.