തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പ്രതിസന്ധി ഒഴിയുന്നില്ല. ഈ മാസവും ജീവനക്കാരുടെ ശമ്പളം വൈകുമെന്ന് മാനേജ്‌മെന്റ് ജീവനക്കാരെ അറിയിച്ചു. എന്നാല്‍ മുന്‍ധാരണ പ്രകാരം ഇന്ന് ശമ്പളം ലഭിച്ചില്ലെങ്കില്‍ നാളെ മുതല്‍ സമരം ആരംഭിക്കുമെന്ന് ജീവനക്കാരുടെ സംഘടനകള്‍ പ്രഖ്യാപിച്ചു.
അതേസമയം മെയ് മാസത്തില്‍ 193 കോടി രൂപ ടിക്കറ്റ് വരുമാനമായി ലഭിച്ചെങ്കിലും സര്‍ക്കാര്‍ സഹായം ലഭിക്കാതെ ശമ്പളം നല്‍കാനാകില്ലെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നത്. ടിക്കറ്റ് വരുമാനത്തില്‍ നിന്ന് ലഭിച്ച 193 കോടി രൂപയില്‍ നിന്ന് നിലവില്‍ 46 കോടി ഓവര്‍ഡ്രാഫ്റ്റിനും 90 കോടി ഡീസലിനും അടച്ചിരുന്നു. ഈ മാസം ശമ്പളം നല്‍കാന്‍ 82 കോടിയാണ് വേണ്ടത്. മാര്‍ച്ച്, എപ്രില്‍ മാസങ്ങളില്‍ 20നുശേഷമാണ് ശമ്പളം നല്‍കിയത്. കഴിഞ്ഞ തവണത്തെ ശമ്പളവിതരണത്തിന് സര്‍ക്കാര്‍ രണ്ടുതവണയായി നല്‍കിയ 50 കോടിയാണ് വിനിയോഗിച്ചത്. ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് വിളിച്ചു ചേര്‍ത്ത യോഗം തൊഴിലാളി സംഘടനകള്‍ ബഹിഷ്‌കരിച്ചിരുന്നു.
ധാരണപ്രകാരം ശമ്പള വിതരണം നടക്കില്ലെന്ന് ഉറപ്പായതോടെ ജീവനക്കാര്‍ നാളെമുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ സി.ഐ.ടി.യു ചീഫ് ഓഫീസിനുമുന്നില്‍ പ്രതിഷേധ സമരം തുടങ്ങും. ഐ.എ ന്‍.ടി.യു.സി രാപ്പകല്‍ സമരവും ആരംഭിക്കും. അതെ സമയം, തൊഴിലാളികള്‍ക്കുള്ള ശമ്പളം മാനേജ്‌മെന്റ് നല്‍കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.