തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയില്‍ ഉലയുന്ന കെഎസ്ആര്‍ടിസിക്ക് ഉപാധികളോടെ ശമ്പളം നല്‍കുമെന്ന് സര്‍ക്കാര്‍. ഇതിനായി നൂറ് കോടി രൂപ നല്‍കാനാണ് തീരുമാനം. ഉപാധികള്‍ മുന്നോട്ടുവെച്ചാണ് സര്‍ക്കാര്‍ പണം അനുവദിച്ചിരിക്കുന്നത്. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന ഉപാധിയിലാണ് സര്‍ക്കാര്‍ പണം അനുവദിച്ചത്.
സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ ക്ലസ്റ്റര്‍ ഓഫീസര്‍മാരുടെ യോഗം വിളിച്ചു. ഓണത്തിനു മുമ്പ് ശമ്പള കുടിശ്ശിക തീര്‍ക്കുമെന്ന് യൂണിയന്‍ നേതാക്കളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.
ചെലവു ചുരുക്കലിന്റെ ഭാഗമായി 12 മണിക്കൂര്‍ സിംഗിള്‍ഡ്യൂട്ടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇന്നലെ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. യാത്രക്കാര്‍ കൂടുതലുള്ള സമയങ്ങളില്‍ പരമാവധി ബസുകള്‍ ഓടിക്കും. തിരക്കു കുറയുന്ന പകല്‍ 11 മുതല്‍ ഉച്ചക്ക് മൂന്നു വരെ ബസുകള്‍ കുറക്കും. ഈ സമയം ജീവനക്കാര്‍ക്ക് ഡ്യൂട്ടിക്കിടയില്‍ വിശ്രമം അനുവദിക്കും.