വായ്പ നല്‍കരുതെന്നാവശ്യപ്പെട്ട് ബാങ്കിന് കത്ത് നല്‍കി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനായി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കാന്‍ സ്വകാര്യ ബസ് ലോബികള്‍ നീക്കം തുടങ്ങി. കെ.എസ്.ആര്‍.ടി.സിക്ക് മൂവായിരം കോടിയുടെ വായ്പ നല്‍കരുതെന്ന് ആവശ്യപ്പെട്ട് കണ്‍സോര്‍ഷ്യത്തില്‍ അംഗമായ ബാങ്കിനെ സമീപിച്ചിരിക്കുകയാണ് പ്രമുഖ ബസ് ഉടമയുടെ അടുത്ത ബന്ധു. വിവരം പുറത്ത് വന്നതോടെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി എം.ഡി സര്‍ക്കാറിനെ സമീപിച്ചു.
നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആര്‍ടി.സിയുടെ അവസാന പിടിവള്ളിയാണ് ദേശസാല്‍കൃത ബാങ്കുകളുടെ കണ്‍സോര്‍ഷ്യമുണ്ടാക്കിയ വായ്പാ കരാര്‍. 3200 കോടിയുടെ വായ്പക്കാണ്് ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ധാരണ ഉണ്ടാക്കിയത്. അതു പൊളിക്കാനാണ് സ്വകാര്യ ബസ് ലോബിയുടെ ശ്രമം. വായ്പാ തുക തിരിച്ചടക്കാനുള്ള ആസ്തി കെ.എസ്.ആര്‍.ടി.സിക്ക് ഇല്ലെന്നും വായ്പ കൊടുത്ത് കുഴപ്പത്തിലാകരുതെന്നും കാണിച്ച് കൊല്ലം സ്വദേശി വിനായക് ആണ് കണ്‍സോര്‍ഷ്യത്തിലെ ഒരു ബാങ്കിനെ സമീപിച്ചിരിക്കുന്നത്. ഇക്കാര്യം ബാങ്ക് അധികൃതര്‍ കെ.എസ്.ആര്‍.ടി.സി എം.ഡി ഹേമചന്ദ്രനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിനായകിന് പിന്നില്‍ ബസ് ഉടമയാണെന്ന് വ്യക്തമായത്. കൊല്ലത്തെ സ്വകാര്യ ബസ് ഉടമ ശരണ്യ മനോജിന്റെ ബന്ധുവാണ് വിവേക്.
നേരത്തെ സര്‍ക്കാര്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ തയാറായിട്ടും സ്വകാര്യ ബസ് ഉടമകള്‍ സമരം തുടരുകയായിരുന്നു. മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു നാലു ദിവസം സമരം നടത്തിയത്. എന്നാല്‍ പിന്നീട് ബസ് ഉടമകള്‍ക്കിടയില്‍ തന്നെ ഭിന്നത ഉടലെടുക്കകയും യാതൊന്നും നേടാതെ സമരം അവസാനിപ്പിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് കെ.എസ്.ആര്‍.ടി.സിക്ക് വായ്പ നല്‍കുന്നത് തടയാന്‍ സ്വകാര്യ ബസുടമകള്‍ ഇടപെട്ടുവെന്ന വിവരം പുറത്തുവന്നത്.
കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനത്തില്‍ ഭൂരിഭാഗവും പലിശയിനത്തില്‍ കൊണ്ടുപോയത് കെ.ടി.ഡി.എഫ്.സിയായിരുന്നു. 14 ശതമാനത്തിലേറെ പലിശക്കാണ് ഇവിടെനിന്ന് കോര്‍പറേഷന്‍ വായ്പയെടുത്തിരുന്നത്. മാസം 90 കോടി രൂപയായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ തിരിച്ചടവ്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് എട്ടുശതമാനം നിരക്കിലാണ് വായ്പ ലഭിക്കുന്നത്. പലിശനിരക്കിലെ വ്യത്യാസംകാരണം ഇത് മാസം 30 കോടിയായി ചുരുങ്ങും. ഇത് പ്രതിസന്ധിയുടെ ആഴം കുറക്കുമെന്ന് കണ്ടാണ് ദേശസാല്‍കൃത ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ധാരണയിലെത്തിയത്.