കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മാസം ഒന്നിനുതന്നെ ശമ്പളം നൽകാൻ ശ്രമിക്കുമെന്ന പുതിയ ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ ഉറപ്പും നടപ്പായില്ല. സാധാരണ രണ്ടു ഗഡുവായാണ് ശമ്പളവിതരണം. ഇക്കുറി മന്ത്രി പറഞ്ഞതുപോലെ ഒന്നാം തിയതി പൂർണ ശമ്പള വിതരണം നടന്നില്ലെന്ന് മാത്രമല്ല മാസം പകുതിയായിട്ടും ആദ്യ ഗഡുപോലും നൽകാനുമായിട്ടില്ല.
സർക്കാറിൽനിന്നുള്ള 30 കോടി വൈകുന്നതാണ് കാരണമായി പതിവ് പോലെ മാനേജ്മെന്റ് ചൂണ്ടിക്കാട്ടുന്നത്. ആദ്യഗഡു വിതരണത്തിന് വേണ്ടത് 37 കോടിയാണ്. മാസാദ്യം ഇത്രയും തുക സമാഹരിക്കാൻ കെ.എസ്.ആർ.ടി.സിക്ക് കഴിയാതായിട്ട് മാസങ്ങളായി. ഈ യാഥാർഥ്യം മനസ്സിലായിട്ടും മന്ത്രിയുടെ ‘ഒന്നാം തീയതി’ പ്രഖ്യാപനം എന്തിനെന്നു മാനേജ്മെന്റിനും വ്യക്തതയില്ല.
പ്രതിമാസ ശമ്പള വിതരണത്തിന് 82 കോടിയാണ് വേണ്ടത്. വരുമാനവും ചെലവും തമ്മിലെ അന്തരം മൂലം മാസങ്ങളായി ശമ്പളവിതരണം താളംതെറ്റിയ നിലയിലാണ്. കെ.എസ്.ആർ.ടി.സിയിൽ ഒരു മാസം 250 കോടി രൂപക്കു മേൽ ചെലവുണ്ടെന്നാണ് മാനേജ്മെൻറ് വാദം. ശമ്പള പരിഷ്കരണം നടപ്പാക്കിയതിനെ തുടർന്ന് ശമ്പളച്ചെലവിലും വർധനയുണ്ടായി. 64 കോടി രൂപയായിരുന്ന ശമ്പളച്ചെലവ് 82 കോടി രൂപയായി.
പരിഷ്കരണങ്ങൾ പലതും നടപ്പാക്കിയിട്ടും പ്രതിസന്ധിയിൽനിന്ന് കരകയറാൻ ഇനിയും ആയിട്ടില്ല. ശരാശരി ഏഴു കോടി കലക്ഷൻ ലഭിച്ചാലും ഇന്ധനച്ചെലവും വായ്പ തിരിച്ചടവും സ്പെയർപാർട്സ് ചെലവും കഴിഞ്ഞാൽ അക്കൗണ്ട് കാലിയാണെന്നതാണ് സ്ഥിതി.
2016ല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 34,028 സ്ഥിരം ജീവനക്കാരും 9500 എംപാനല്‍ ജീവനക്കാരുമാണുണ്ടായിരുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവായിരുന്ന കെ.എസ്.ആര്.ടി.സിയില്‍ അഞ്ചുവര്‍ഷത്തിനിടെ തുച്ഛമായ ആശ്രിത നിയമനങ്ങളല്ലാതെ പുതിയ നിയമനങ്ങളൊന്നും നടന്നിട്ടില്ല.
വര്‍ഷംതോറും 900-1000 പേര് വീതം വിരമിക്കുന്നുണ്ട്. ഈ തസ്തികകളെല്ലാം ഇല്ലാതാകുകയാണ്. എങ്കിലും ശമ്പളപ്രതിസന്ധി കീറാമുട്ടിയായി ശേഷിക്കുകയാണ്.