തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇനിമുതല്‍ ഡ്രൈവര്‍മാരുടെ ക്യാബിനില്‍ ഇഷ്ടികയോ തടിയോ പോലുള്ള വസ്തുക്കള്‍ പാടില്ല. ആക്‌സിലേറ്ററിന് അരികിലായി ഇത്തരം വസ്തുക്കള്‍ ഉണ്ടാകുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ദേശം. അടുത്തിടെ അപകടത്തില്‍പെട്ട ബസിന്റെ ആക്‌സിലറേറ്റര്‍ പെഡലിന് സമീപം ഇഷ്ടിക കണ്ടെത്തിയതാണ് കാരണം. ആക്‌സിലേറ്റര്‍ അമര്‍ത്തിവെക്കാന്‍ ഡ്രൈവര്‍ ചുടുകട്ട ഉപയോഗിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി അന്വേഷണം ആരംഭിച്ചു.
ബസിനുള്ളില്‍ ഇത്തരം വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ മാറ്റാന്‍ ഡ്രൈവര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. തിരുവനന്തപുരം- കൊല്ലം ദേശീയപാതയില്‍ തെന്നിമറിഞ്ഞ ഫാസ്റ്റ് പാസഞ്ചറിന്റെ ഡ്രൈവര്‍ കാബിനിലാണ് ചുടുകട്ട കണ്ടെത്തിയത്. ബസിന്റെ സാങ്കേതിക തകരാറും അപകടത്തിന് ഇടയാക്കിയതായി സൂചനയുണ്ട്.
ബസിന്റെ ഒരു വശത്തെ ബ്രേക്കുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. കാല്‍ ഉയര്‍ത്തിവെക്കാനാണ് ചുടുകട്ട ഉപയോഗിച്ചതെന്നാണ് ഡ്രൈവറുടെ മൊഴി. ഡ്രൈവര്‍ കാബിനില്‍ ഇത്തരം വസ്തുക്കള്‍ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. ഇവ പെഡലിന് അടിയില്‍പെട്ടാല്‍ ബ്രേക്ക് അമര്‍ത്താന്‍ കഴിയില്ല. ഡ്രൈവറുടെ ഉയരത്തിനനുസരിച്ച് ക്രമീകരിക്കാന്‍ കഴിയാത്ത സീറ്റുകള്‍ ഘടിപ്പിക്കുന്നതാണ് ഇത്തരം വസ്തുക്കളെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ചില ബസുകളില്‍ ആക്‌സിലറേറ്റര്‍ ഉയര്‍ത്തിയാണ് ഘടിപ്പിച്ചിട്ടുള്ളത്. ഇതിനുപാകമായി കാവ്‌വെക്കാനുള്ള സൗകര്യം ഉണ്ടാകില്ല. കാല്‍ തൂക്കിയിടുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരമായിട്ടാണ് പലരും കട്ടയും തടിയുമൊക്കെ ഉപയോഗിക്കുന്നത്.