തിരുവനന്തപുരം: ജനുവരി 16ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കിന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുക, പിരിച്ചുവിട്ട മുഴുവന്‍ തൊഴിലാളികളേയും തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
ഡിസംബര്‍ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കേണ്ടിയിരുന്ന ഒരു ഗഡു ക്ഷാമബത്ത വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ 4 കോടി രൂപ അനുവദിച്ചിട്ടും അത് വിതരണം ചെയ്യാനോ ഒത്തുതീര്‍പ്പ് വ്യവസ്ഥ പാലിക്കാനോ തയ്യാറായിരുന്നില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആരോപിച്ചു. ശമ്പള പരിഷ്‌ക്കരണ ചര്‍ച്ച ആരംഭിച്ചില്ല. എല്ലാ തൊഴില്‍ നിയമനങ്ങളേയും കാറ്റില്‍ പറത്തിയാണ് ഒരു വിഭാഗം തൊഴിലാളികളെ ജോലി ചെയ്യാന്‍ അനുവദിക്കാതെ വെളിയില്‍ നിര്‍ത്തിയിരിക്കുന്നത്. പ്രസവാവധി കഴിഞ്ഞും അപകടത്തെ തുടര്‍ന്ന് ചികില്‍സ കഴിഞ്ഞും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. കഴിഞ്ഞ മാര്‍ച്ചിനു ശേഷം പ്രമോഷനുകള്‍ ഒന്നും അനുവദിക്കുന്നില്ല. മെക്കാനിക്കല്‍ വിഭാഗത്തിന്റെയും ഓപ്പറേറ്റിംഗ് വിഭാഗത്തിന്റെയും ഡ്യൂട്ടി പരിഷ്‌ക്കാരത്തിലെ അശാസ്ത്രീയത പരിഹരിക്കുന്നതിന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍, പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാരെ തിരിച്ചെടുക്കാനുള്ള നടപടി ഇല്ല. ഈ സാഹചര്യത്തില്‍ ക്ഷാമബത്ത കുടിശ്ശിക അനുവദിച്ചതുകൊണ്ട് മാത്രം പണിമുടക്ക് മാറ്റി വയ്ക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ട് പോകുമെന്നും സംയുക്ത സമിതി അറിയിച്ചു.
കെ.എസ്.ആര്‍.ടി.സിയില്‍ ബുധനാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക്
Tags: ksrtcksrtc strike