തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പിരിച്ചുവിട്ട മുഴുവന്‍ എം.പാനല്‍ ജീവനക്കാരേയും സര്‍വ്വീസില്‍ പുനപ്രവേശിപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും കൂട്ട പിരിച്ചുവിടലിന് വിധേയരായ എം.പാനല്‍ കണ്ടക്ടര്‍മാരുടെ അവസ്ഥ അതിദയനീയമാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ സൂചിപ്പിക്കുന്നു. പിരിച്ചുവിടപ്പെട്ട 3681 പേരില്‍ ഭൂരിപക്ഷവും 12 വര്‍ഷത്തിലധികം സര്‍വ്വീസ് ദൈര്‍ഘ്യമുള്ളവരും 45 വയസ്സിന് മുകളില്‍ പ്രായമുള്ളവരുമാണ്. മറ്റൊരു പുതിയ ജോലിയോ, ഉപജീവനമാര്‍ക്ഷമോ കണ്ടെത്താനുള്ള ശേഷിയോ, അവസരമോ ഇവര്‍ക്കുമുന്നിലില്ല . പ്രതികൂല തൊഴില്‍ സാഹചര്യങ്ങളുടെ ഫലമായി നിരവധി രോഗങ്ങളും, ആരോഗ്യപ്രശ്നങ്ങളും നേരിടുവരാണ് ഇവരില്‍ അധികവും മാത്രമല്ല ഇവരെ ആശ്രയിച്ച് കഴിയുന്ന നൂറുക്കണക്കിന് കുടുംബങ്ങളും, ആശ്രിതരും ഇതോടെ വഴിയാധാരമാകുന്ന അവസ്ഥയാണുള്ളത്. മരുന്നിനും, ഭക്ഷണത്തിനും പോലും ഭിക്ഷയാചിക്കേണ്ട അതിദയനീയ സാഹചര്യത്തിലേക്കാണ് സര്‍ക്കാര്‍ ഇവരെ തള്ളിവിട്ടിരിക്കുന്നതെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
കെ.എസ്.ആര്‍.ടി.സിയിലെ മാനവിഭവശേഷിയുടെ യഥാര്‍ത്ഥ ചിത്രമോ, ശാസ്ത്രീയവശമോ പരിഗണിക്കാതെ തികഞ്ഞ ലാഘവ ബുദ്ധിയോടെയാണ് സര്‍ക്കാര്‍ ഈ തിരുമാനം കൈക്കൊണ്ടത്. ഇപ്പോള്‍ പിരിച്ചുവിടപ്പെട്ട എം.പാനല്‍ ജീവനക്കാര്‍ സര്‍വ്വീസില്‍ തുടരുന്ന അവസരത്തില്‍ തന്നെ വിവിധ കാലയളവിലായി ഏകദേശം 12000 പേര്‍ക്ക് പി.എസ്.സി വഴി നിയമനം നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ ജീവനക്കാരുടെ സേവനം പി.എസ്.സിനിയമനങ്ങള്‍ക്ക് യാതൊരു വിഘാതവും സൃഷ്ടിച്ചിരുന്നില്ലന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. പന്ത്രണ്ട് മുതല്‍ പതിനഞ്ച് വര്‍ഷം വരെ സര്‍വ്വീസ് കാലയളവുളളവരാണ് പിരിച്ചുവിടപ്പെട്ടത്. ഇത്രയും കാലം ജോലിചെയ്ത സ്ഥാപനത്തില്‍ ഒരു ദിവസം ഇറങ്ങിപ്പോരേണ്ടിവരുന്ന ജീവനക്കാരുടെ ഗതികേട് സര്‍ക്കാര്‍ മനസിലാക്കി ഇവരെ പുനപ്രവേശിപ്പിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ എത്രയും വേഗം കൈക്കൊള്ളണമെന്നും രമേശ് ചെന്നിത്തല കത്തിലൂടെ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.