X

കെ.എസ്.ആര്‍.ടി.സി. ഇലക്ട്രിക് ബസുകള്‍ കട്ടപ്പുറത്ത്; നിരന്തരം ടയര്‍ കേടാകുന്നു

കെ.എസ്.ആര്‍.ടി.സി. ഇലക്ട്രിക് ബസുകളുടെ ടയറുകള്‍ കൂട്ടത്തോടെ കേടാകുന്നു. ടയര്‍ കട്ട ചെയ്തതില്‍ (റീട്രെഡിങ്) വന്ന പാളിച്ചയാണ് പ്രധാന കാരണം. തിരുവനന്തപുരം നഗരത്തില്‍ മാത്രം സര്‍വീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ ടയറുകളാണ് കൂട്ടത്തോടെ കേടായിക്കൊണ്ടിരിക്കുന്നത്.

സാധാരണ പുതിയ ടയര്‍ മുപ്പതിനായിരം കിലോമീറ്ററോ അതിലധികമോയാണ് കിട്ടാറ്. റീട്രെഡ് ചെയ്താല്‍ 60,000 കിലോമീറ്റര്‍ ഓടിക്കാം. റീട്രെഡിങ് ചെയ്ത് ലഭിച്ച ടയറുകളാണ് 5,000 കിലോമീറ്റര്‍ പോലും ഓടാതെ ‘കട്ട’ ഇളകി കട്ടപ്പുറത്താകുന്നത്. ഇതുമൂലം പല ദിവസങ്ങളിലും സര്‍വീസ് മുടങ്ങുന്നുണ്ട്.

തിരുവനന്തപുരം പാപ്പനംകോട്ടെ കെ.എസ്.ആര്‍.ടി.സി. കേന്ദ്ര വര്‍ക്ഷോപ്പിലാണ് ടയറുകള്‍ റീട്രെഡ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനുള്ള സാധനസാമഗ്രികള്‍ വാങ്ങിയതിലുണ്ടായ പാളിച്ചയാണോ ടയറിന്റെ കട്ട ഇളകുന്നതിന് കാരണമെന്ന് സംശയിക്കുന്നുണ്ട്. ചെറിയ ടയര്‍, റീട്രെഡ് ചെയ്യുന്നതില്‍ പരിചയമില്ലാത്തതും സാങ്കേതിക തകരാറുമാണോയെന്നും സംശയിക്കുന്നു.

തിരുവനന്തപുരം നഗരത്തില്‍ 140 ഇലക്ട്രിക് ബസുകളാണ് കെ.എസ്.ആര്‍.ടി.സി. ഓടിക്കുന്നത്. ഇതില്‍ നൂറെണ്ണം കേന്ദ്ര പദ്ധതിയായ ‘സ്മാര്‍ട്ട് സിറ്റി’ വഴി തിരുവനന്തപുരം കോര്‍പ്പറേഷന്‍ നല്‍കിയവയാണ്. 40 എണ്ണം കെ.എസ്.ആര്‍.ടി.സി. സിഫ്റ്റ് വാങ്ങിയവയും. തിരുവനന്തപുരം സിറ്റി, വികാസ് ഭവന്‍, പേരൂര്‍ക്കട, പാപ്പനംകോട് ഡിപ്പോകളിലാണ് സൗജന്യമായി ലഭിച്ച ബസുകള്‍ സര്‍വീസ് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി. വാങ്ങി നല്‍കിയവ ആറ്റിങ്ങല്‍, വിഴിഞ്ഞം, കാട്ടാക്കട, നെയ്യാറ്റിന്‍കര ഡിപ്പോകളില്‍ സര്‍വീസിന് നല്‍കിയിട്ടുണ്ട്.

webdesk13: