15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു കീഴിലുള്ള 3 സര്‍വീസുകള്‍ റദ്ദാക്കി. ഇന്നലെ രാവിലെ സര്‍വീസ് നടത്തിയ ശേഷം ഈ ബസുകള്‍ തിരിച്ചുവിളിക്കുകയായിരുന്നു.
15 വര്‍ഷം പഴക്കമെന്ന നിബന്ധന കര്‍ശനമായി നടപ്പാക്കിയാല്‍ കെഎസ്ആര്‍ടിസിയുടെ ബ്രേക്ക് ഡൗണ്‍ വാനുകളില്‍ ഭൂരിഭാഗവും ഉദ്യോഗസ്ഥര്‍ സഞ്ചരിക്കുന്ന ജീപ്പുകളും ഒഴിവാക്കേണ്ടിവരും. ഇത് സ്ഥാപനത്തെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍.
പുലര്‍ച്ചെ 4.50ന് മലപ്പുറത്തുനിന്ന് പൊന്നാനിയിലേക്കുള്ളത്, 7.50ന് തിരൂരിലേക്കുള്ളത്, 7.15ന് ചങ്കുവെട്ടിയിലേക്കുള്ളത് എന്നീ 3 സര്‍വീസുകളാണ് പിന്‍വലിച്ചത്. മൂന്നു ബസുകളും ഇന്നലെ ആദ്യ സര്‍വീസ് നടത്തി. പിന്നീട് അടിയന്തരമായി തിരിച്ചുവിളിക്കുകയായിരുന്നു. ഇന്നലെ പത്തു മണിയോടെയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഡിപ്പോകളില്‍ ലഭിച്ചത്.
15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇതില്‍ ഒട്ടേറെ തവണ ഇളവ് നല്‍കിയെങ്കിലും ഇപ്പോള്‍ കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചെന്നാണു സൂചന. ജില്ലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസിനിടെ ബ്രേക്ക് ഡൗണ്‍ ആയാല്‍ അറ്റകുറ്റപ്പണി നടത്താന്‍ പോകുന്നത് ബിഡി വാനുകളിലാണ്. ജില്ലയിലെ ബിഡി വാനുകളില്‍ ഭൂരിഭാഗവും 15 വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്.
ഉദ്യോഗസ്ഥര്‍ സഞ്ചരിക്കുന്ന ഔദ്യോഗിക വാഹനങ്ങളുടെ സ്ഥിതിയും ഇതുതന്നെ. പെരിന്തല്‍മണ്ണ ഡിപ്പോയില്‍ നിലവില്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള ബസുകള്‍ ഉപയോഗിക്കുന്നില്ല. എന്നാല്‍, 6 മാസം കഴിഞ്ഞാല്‍ ഇവിടെയും 2 ബസുകള്‍ ഈ കാലാവധി പൂര്‍ത്തിയാക്കും.