X

കണ്‍സെഷന്‍ ടിക്കറ്റ് അനുവദിച്ചില്ല, വിദ്യാര്‍ഥിയെ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് ഇറക്കിവിട്ടു


തിരുവനന്തപുരം: ക്ലാസ് കഴിഞ്ഞ് വീട്ടില്‍ പോവുകയായിരുന്ന വിദ്യാര്‍ഥിയെ കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ഫുള്‍ ടിക്കറ്റിന് പണമില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ കേള്‍ക്കാന്‍ തയ്യാറാവാതെ ഇറക്കിവിടുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അമല്‍ ഇര്‍ഫാനെയാണ് സ്റ്റാച്യുവില്‍ ഇറക്കിവിട്ടത്. തിരുവനന്തപുരം എസ്.എം.വി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.

സ്റ്റുഡന്റ് പൊലീസ് കേഡറ്റായ അമല്‍ പരിശീലന ക്ലാസ് കഴിഞ്ഞ് വീട്ടില്‍ പോവാന്‍ ബസില്‍ കയറിയതായിരുന്നു. വൈകുന്നേരം ആറു മണി കഴിഞ്ഞതിനാല്‍ കണ്‍സെഷന്‍ പതിക്കാന്‍ കഴിയില്ലെന്നായിരുന്നു കണ്ടക്ടറിന്റെ വാദം. വിദ്യാര്‍ഥിയുടെ കൈയില്‍ ബസ് ടിക്കറ്റിന് പണമില്ലായിരുന്നു. ഇതു കണ്ടക്ടറോട് പറഞ്ഞെങ്കിലും അദ്ദേഹം ഇറക്കിവിട്ടു.

ഒടുവില്‍ വഴി യാത്രക്കാരന്‍ കൊടുത്ത പണവുമായി മറ്റൊരു ബസിലാണ് വീട്ടിലെത്തിയത്. ആറുമണിക്കു ശേഷം കണ്‍സെഷന്‍ പതിക്കാന്‍ പാടില്ലെന്ന നിയമമില്ലെന്ന് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പോത്തന്‍കോട് പൊലീസിലും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

web desk 1: