കെഎസ്ആര്‍ടിസി ബസില്‍ പാമ്പിനെ കൊണ്ടുവന്ന സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍.ഡ്രൈവര്‍ ജീവന്‍ ജോണ്‍സണ്‍, കണ്ടക്ടര്‍ സി.പി ബാബു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
കഴിഞ്ഞ 21 നാണ് ബെംഗളുരു-തിരുവനന്തപുരം ബസില്‍ ജീവനക്കാരുടെ കൈവശം പാമ്പിനെ കൊടുത്തുവിടുന്നത്. മദ്യം കടത്തുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബസിനെ പിന്തുടര്‍ന്ന വിജിലന്‍സ് പാര്‍സല്‍ ഉടമസ്ഥന് കൈമാറുന്ന സമയത്ത് തൈക്കാട് വെച്ച് പിടികൂടുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തില്‍ പാഴ്‌സല്‍ പൊട്ടിച്ചു നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടെത്തുന്നത്.
വിഷമില്ലാത്ത വളര്‍ത്തുന്ന പാമ്പാണ് ഇതെന്ന് പറഞ്ഞാണ് ഇത് കൈമാറിയതെന്നാണ് വിവരം. എന്നാല്‍ ബസില്‍ പാമ്പിനെ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്നും പ്രതിഫലം മോഹിച്ചാണ് ജീവനക്കാര്‍ ഇതിന് ഒത്താശ ചെയ്തുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്.